മൂത്രത്തിലൂടെ മലവിസര്‍ജ്ജനം, അപൂര്‍വ്വ രോഗം; ജീവിതത്തിലേക്ക് തിരിച്ചെത്തി 22കാരന്
By സമകാലികമലയാളം ഡെസ്ക് | Published: 02nd October 2022 03:53 PM |
Last Updated: 02nd October 2022 03:53 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ്വമായ ഫിസ്റ്റുല രോഗത്തെ തുടര്‍ന്ന് ദുരിതം അനുഭവിച്ച 22കാരന് നടത്തിയ ശസ്ത്രക്രിയ വിജയകരം. മൂത്രത്തിലൂടെയും മലവിസര്‍ജ്ജനം സംഭവിക്കുന്ന അപൂര്‍വ്വ രോഗമാണ് 22കാരന് പിടിപെട്ടത്.
പുനെയിലെ സിറ്റി ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തിനിടെ നടത്തിയ നിരവധി ശസ്ത്രക്രിയയിലൂടെയാണ് യുവാവിനെ രോഗമുക്തനാക്കിയത്. ജമ്മു സ്വദേശിയായ അമോല്‍ ധാര്‍ ആണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ജനിച്ച സമയത്ത് അമോലിന് മലദ്വാരം ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയയിലൂടെയാണ് ഇതിന് പരിഹാരം കണ്ടത്.
പതിനഞ്ചാം വയസില്‍ മൂത്രം ഒഴിക്കുമ്പോള്‍ ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി. അപൂര്‍വ്വമായ ഫിസ്റ്റുല രോഗമാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
മൂത്രത്തിലൂടെയായിരുന്നു മലവിസര്‍ജ്ജനത്തിന്റെ 30 ശതമാനവും നടന്നിരുന്നത്. ഈ രോഗാവസ്ഥ കാരണം ബാക്ടീരിയ മൂലമുള്ള അണുബാധ പതിവായി യുവാവിനെ ഇടയ്ക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്ചയില്‍ രണ്ടുതവണ വീതമാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വേദന അസഹനീയമായിരുന്നുവെന്ന് അമോല്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് നിരവധി ഡോക്ടര്‍മാരെ കണ്ടിട്ടും രോഗശാന്തി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് തങ്ങളെ സമീപിച്ചതെന്ന് സര്‍ജന്‍ ഡോ അശ്വിന്‍ പോര്‍വാള്‍ പറയുന്നു. അപൂര്‍വ്വമായ ഫിസ്റ്റുല രോഗമാണ് യുവാവിനെ ബാധിച്ചത്. ലോകത്ത് ഇതുവരെ എട്ടു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവരില്‍ ഈ രോഗം ആദ്യമാണെന്നും സര്‍ജന്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു ആദ്യ ശസ്ത്രക്രിയ. അഞ്ചുമണിക്കൂര്‍ നീണ്ടുനിന്നു. മറ്റു ചികിത്സാരീതികളും യുവാവില്‍ പ്രയോഗിച്ചു. സിസ്‌റ്റോസ്‌കോപ്പി, പ്രോക്ടോസ്‌കോപ്പി അടക്കമുള്ള ചികിത്സാരീതികളാണ് ഉപയോഗിച്ചത്. തുടര്‍ന്ന് വിവിധ മാസങ്ങളിലായി നാലു ശസ്ത്രക്രിയകള്‍ കൂടി നടത്തി. അഞ്ചുമാസം മുന്‍പാണ് അമോലിന്റെ രോഗം പൂര്‍ണമായി ഭേദമായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജീവിതത്തിലേക്ക് തിരികെ വന്നുവെന്നും പഠനം പൂര്‍ത്തിയാക്കുമെന്നും യുവാവ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ