കൊടുമുടികളിലെ ശത്രു ബങ്കറുകളെ തകര്‍ക്കും; ചരിത്രമായി തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധ ഹെലികോപ്റ്റര്‍, വിശദാംശങ്ങള്‍- വീഡിയോ 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ലഘു യുദ്ധ ഹെലികോപ്റ്റര്‍ വ്യോമസേനയുടെ ഭാഗമായി
ആദ്യ ലഘു യുദ്ധ ഹെലികോപ്റ്റര്‍ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങ്, എഎന്‍ഐ
ആദ്യ ലഘു യുദ്ധ ഹെലികോപ്റ്റര്‍ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങ്, എഎന്‍ഐ

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ലഘു യുദ്ധ ഹെലികോപ്റ്റര്‍ വ്യോമസേനയുടെ ഭാഗമായി. ജോധ്പൂരില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തിലാണ് വ്യോമസേനയുടെ കരുത്തുവര്‍ധിപ്പിച്ച് ലഘു യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് ചരിത്രത്തില്‍ ഇടംപിടിച്ചത്. പ്രചണ്ഡ് എന്നാണ് ഹെലികോപ്റ്ററിന് നല്‍കിയിരിക്കുന്ന പേര്.

പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ലഘു യുദ്ധ ഹെലികോപ്റ്റര്‍ നാഴികക്കല്ലാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 1999 കാര്‍ഗില്‍ യുദ്ധ സമയത്താണ് യുദ്ധ ഹെലികോപ്റ്റര്‍ വേണമെന്ന ചിന്തയ്ക്ക് കനംവച്ചത്. രണ്ടുപതിറ്റാണ്ട് നീണ്ട ഗവേഷണത്തിന്റെ ഫലമാണ് ലഘു യുദ്ധ ഹെലികോപ്റ്റര്‍ ( എല്‍സിഎച്ച്).

വെടിമരുന്നുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് എല്‍സിഎച്ച്. ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വ്യോമസേനയ്ക്കും കരസേനയ്ക്കും ഇത് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ഹെലികോപ്റ്റര്‍ വികസിപ്പിച്ചത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ വരെ വിന്യസിക്കാന്‍ ശേഷിയുള്ളതാണ് ഹെലികോപ്റ്റര്‍. 5.8 ടണ്‍ ഇരട്ട എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിട്ടിരിക്കുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇത് വ്യോമസേനയുടെ ഭാഗമാകുന്നത്.

രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നായ ലഡാക്കില്‍ വരെ ഇത് പരീക്ഷിച്ചു. ചൈനീസ് ഡ്രോണുകളെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഹെലികോപ്റ്റര്‍. ഹെലികോപ്റ്ററില്‍ ഇതിനാവശ്യമായ മിസൈലുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 95 ഹെലികോപ്റ്ററുകളാണ് കരസേനയുടെ ഭാഗമാകാന്‍ പോകുന്നത്. 65 എണ്ണം വ്യോമസേനയ്ക്കും നല്‍കും. തുടക്കത്തില്‍ 3500 കോടി രൂപയാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അനുവദിച്ചത്. 

മറ്റൊരു ലഘു യുദ്ധ ഹെലികോപ്റ്ററായ ധ്രുവിന് സമാനമാണ് എല്‍സിഎച്ചിന്റെ ശേഷി. സ്റ്റെല്‍ത്ത് ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. രാത്രിയിലും ആക്രമിക്കാന്‍ ശേഷിയുള്ളതാണ് എല്‍സിഎച്ച്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ശത്രുക്കളുടെ ബങ്കറുകള്‍ തകര്‍ക്കാനും ഇത് വിന്യസിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com