ഇത്തവണ തകരാറിലായത് ചക്രങ്ങൾ; യാത്രക്കാരെ വലച്ച് വീണ്ടും വന്ദേ ഭാരത് എക്സ്പ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th October 2022 08:03 PM  |  

Last Updated: 08th October 2022 08:03 PM  |   A+A-   |  

vande_bharath

ഫോട്ടോ: എഎൻഐ

 

ന്യൂഡല്‍ഹി: അതി വേ​ഗത്തിൽ പോകുന്നതിനിടെ വ​ന്ദേ ഭാരത് എക്സ്പ്രസിന്റെ ചക്രങ്ങൾക്ക് തകരാർ സംഭവിച്ചു. പിന്നാലെ യാത്രക്കാരെ ജനശതാബ്ദി ട്രെയിനിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള യാത്രാ മധ്യേയാണ് തകരാര്‍ നേരിട്ടത്. 

തകരാർ കണ്ടെത്തിയ ഗ്രൗണ്ട് സ്റ്റാഫാണ് 100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്താൻ റെയിൽവേ ഓപ്പറേഷൻ കൺട്രോളിനെ അറിയിച്ചത്. ഡൽഹിയിൽ നിന്ന് 67 കിലോമീറ്റർ അകലെയുള്ള ബുലന്ദ്ഷഹറിന് സമീപത്തെ റെയിൽവേ സ്റ്റേഷനിലാണ് രാവിലെ 7.0 ഓടെ ട്രെയിൻ നിർത്തിയത്. പിന്നാലെയാണ് യാത്രക്കാരെ ജനശതാബ്ദിയിലേക്ക് മാറ്റിയത്. 

ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാരെ വലയ്ക്കുന്നത്. പോത്തിന്‍കൂട്ടത്തില്‍ ഇടിച്ചുണ്ടായ അപകടത്തിനും പശുവുമായി ഇടിച്ച് അപകടത്തില്‍പ്പെട്ടതിനും പിന്നാലെയാണ് ട്രെയിനിന്റെ ചക്രം തകരാറിലായ സംഭവം.

ബെയറിങ് കുടുങ്ങിയത് മൂലം സി-8 കോച്ചിന്റെ ചക്രമാണ് തകരാറിലായത്‌. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിടുകയും പിന്നീട്‌ നിയന്ത്രിത വേഗത്തില്‍ 20 കിലോമീറ്റര്‍ അകലെയുള്ള ഖുര്‍ജ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോവുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ അനന്ദ് സ്റ്റേഷന് സമീപത്തായിരുന്നു ട്രെയിന്‍ ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിച്ച് അപകടത്തില്‍പ്പെട്ടത്. ഇതേ റൂട്ടില്‍ തന്നെയാണ് വന്ദേ ഭാരത് ട്രെയിന്‍ വ്യാഴാഴ്ച കന്നുകാലി കൂട്ടത്തിലിടിച്ച് അപകടമുണ്ടായത്. നാല് പോത്തുകള്‍ അപകടത്തില്‍പെട്ട് ചത്തിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകളും സംഭവിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചിത്രം തെളിഞ്ഞു; തരൂരും ഖാർ​ഗെയും നേർക്കുനേർ; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ