ക്യാമ്പസിനകത്ത് വിലസി നടന്നത് പത്തുദിവസം; പരിഭ്രാന്തി പരത്തിയ കടുവ പിടിയില്‍

ക്യാമ്പസിനകത്ത് സ്ഥാപിച്ച മൂന്ന് കൂടികളിലൊന്നിലാണ്  കടുവ കുടുങ്ങിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ഭോപ്പാലിലെ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ക്യാമ്പസില്‍ ഒരാഴ്ചയിലധികമായി ഭീതി പരത്തിയ കടുവയെ വനം വകുപ്പ് പിടികൂടി. ഒക്ടോബര്‍ എട്ടിനാണ് മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ക്യാംപസില്‍ കടുവ കയറിയത്. സംഭവത്തിന് പിന്നാലെ അധികൃതര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയും അവര്‍ കടുവയെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു 

 ക്യാമ്പസിനകത്ത് സ്ഥാപിച്ച മൂന്ന് കൂടികളിലൊന്നിലാണ്  കടുവ കുടുങ്ങിയത്.  പിടികൂടിയ കടുവയെ സത്പുര കടുവാ സങ്കേതത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ ഒക്ടോബര്‍ മൂന്നിനും ക്യാമ്പസില്‍ ഒരു കടുവ കയറിയിരുന്നു. കെണിയിലായ കടുവ ഇതല്ലെന്നും ഈ കടുവ ക്യാമ്പസ് വിട്ടിട്ടുണ്ടാകുമെന്നുമാണ് വനം വകുപ്പ് അധികൃതരുടെ നിഗമനം. 650 ഏക്കര്‍ വരുന്നതാണ് ആകെ ക്യാമ്പസ്.

ഇന്‍സ്റ്റിറ്റിയൂട്ടില്‍ പതിനാറ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും 50 ഓളം ജീവനക്കാര്‍ ക്യാമ്പസില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നിന് ക്യാമ്പസില്‍ കയറിയ കടുവ ക്യാമറയില്‍ പതിഞ്ഞതിന് അന്ന് ഉച്ചയ്ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഭാഗ്യവശാല്‍ ക്യാമ്പസിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ അവധിയാണ്. എന്നാല്‍ അറുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നടക്കുന്നുണ്ട്. ജീവനക്കാരും അവരുടെ ബന്ധുക്കളുമടക്കം ഒരുപാട് പേര്‍ ക്യാംപസിനകത്ത് തന്നെ താമസിക്കുന്നുമുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലും ഇതിനകത്ത് തന്നെയാണ്. 

കടുവ സ്വമേധയാ തന്നെ ക്യാംപസ് വിട്ട് പുറത്തിറങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു വനം വകുപ്പ് ജീവനക്കാര്‍. സാധാരണഗതിയില്‍ തന്റെ ഏരിയ വിട്ട് മറ്റൊരിടത്തെത്തുന്ന കടുവ ഒരാഴ്ച്ക്കകമോ ഒരാഴ്ചയോടെയോ തന്നെ അവിടം വിട്ടുപോകുമത്രേ. അതാണ് പതിവെന്ന് വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com