കോണ്‍ഗ്രസിനെ ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു

പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിലൂടെ തന്റെ ചുമതല ഒഴിവാകുന്നതില്‍ ആശ്വാസമുണ്ടെന്ന് സോണിയാഗാന്ധി പറഞ്ഞു
സ്ഥാനാരോഹണ ചടങ്ങില്‍ സോണിയയും ഖാര്‍ഗെയും/ പിടിഐ
സ്ഥാനാരോഹണ ചടങ്ങില്‍ സോണിയയും ഖാര്‍ഗെയും/ പിടിഐ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വെച്ചു നടന്ന ചടങ്ങിലാണ് ഖാര്‍ഗെ ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയില്‍ നിന്നും പ്രസിഡന്റ് പദം ഏറ്റെടുത്തത്. പ്രസിഡന്റ് ഇലക്ഷനില്‍ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഖാര്‍ഗേയ്ക്ക് നല്‍കി. 

ഇതിന് ശേഷമായിരുന്നു സ്ഥാനാരോഹണ ചടങ്ങ് നടന്നത്. രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂര്‍, അജയ് മാക്കന്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. 

താഴേത്തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെന്ന് പ്രസംഗത്തില്‍ സോണിയാഗാന്ധി പറഞ്ഞു. വളരെ പരിചയസമ്പന്നനാണ് അദ്ദേഹം. പാര്‍ട്ടിയെ മികച്ച രീതിയില്‍ നയിക്കാന്‍ ഖാര്‍ഗെയ്ക്ക് ആകും. അധ്യക്ഷനെ ഹൃദയം കൊണ്ട് തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിലൂടെ തന്റെ ചുമതല ഒഴിവാകുന്നതില്‍ ആശ്വാസമുണ്ടെന്നും സോണിയാഗാന്ധി പറഞ്ഞു.

സ്ഥാനം ഒഴിഞ്ഞ സോണിയാഗാന്ധിക്ക് പാര്‍ട്ടിയുടെ നന്ദി അറിയിച്ചുകൊണ്ടുള്ള പ്രസ്താവന ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ വായിച്ചു. തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് യഥാര്‍ത്ഥ ആഭ്യന്തര ജനാധിപത്യം കാണിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സോണിയാഗാന്ധി തുടര്‍ന്നും പാര്‍ട്ടിയുടെ മാര്‍ഗദീപമായി തുടര്‍ന്നുമുണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത് ഏറെ അഭിമാനനിമിഷമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനമേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കും. പാര്‍ട്ടിയുടെ ഏറ്റവും താഴേത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചു വന്നവനാണ് താന്‍. കോണ്‍ഗ്രസ് വലിയ വെല്ലുവിളികള്‍ നേരിടുന്നു. കോണ്‍ഗ്രസിന് മുന്നില്‍ മുമ്പും വലിയ പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഐക്യത്തോടെ ഇത്തരം പ്രയാസങ്ങള്‍ മറികടക്കേണ്ടതുണ്ട്. 

 അംബേദ്കറിന്റെ ഭരണഘടനയ്ക്കായി പോരാടണം. പ്രയത്‌നങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പാര്‍ട്ടിയെ മുന്നോട്ടു നയിക്കും. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ തകര്‍ക്കും. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ എല്ലാം നടപ്പാക്കും. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം ജനലക്ഷങ്ങളാണ് ചേരുന്നത്. പ്രതിസന്ധികള്‍ക്കിടയിലും രാഹുല്‍ ജനങ്ങളുമായി ാശയവിനിമയം നടത്തുന്നു. രാഹുലിന്റെ യാത്രയുടെ ഊര്‍ജ്ജം വ്യര്‍ത്ഥമാകില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com