മലമുകളില്‍ ആക്രമണത്തിന് കോപ്പുകൂട്ടി പാകിസ്ഥാന്‍ സൈന്യം; പൂഞ്ചിനെ രക്ഷിച്ച 'ഒറ്റയാള്‍ പട്ടാളം', ആ 'അസാധാരണക്കാരിക്ക്' സ്മാരകമൊരുങ്ങുന്നു

ഓരോ ഇന്ത്യക്കാരെയും അവേശ ഭരിതരാക്കുന്നതാണ് മാലിയുടെ കഥ
മാലി പദ്മശ്രീ ഏറ്റുവാങ്ങുന്നു, സര്‍ക്കാര്‍ ബഹുമതികള്‍
മാലി പദ്മശ്രീ ഏറ്റുവാങ്ങുന്നു, സര്‍ക്കാര്‍ ബഹുമതികള്‍


ശ്മീര്‍ അതിര്‍ത്തിയിലെ വളരെ തന്ത്രപ്രധാനമായ ഭാഗമാണ് പൂഞ്ച്. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ഈപ്രദേശം നഷ്ടപ്പെട്ടുപോകുമായിരുന്ന സ്ഥിതിയുണ്ടായിരുന്നു. ഒരു സാധാരണക്കാരിയുടെ  അസാധാരണമായ ഇടപെടലിനെ തുടര്‍ന്നാണ് പൂഞ്ചിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ പട്ടാളത്തെ തുരത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞത്. ഗുജ്ജര്‍ മുസ്ലിം വിഭാഗക്കാരിയായ മാലിയെന്ന സ്ത്രീയുടെ ധൈര്യമാണ് ഇന്ത്യയെ തുണച്ചത്. കരസേന ദിനത്തില്‍, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മണ്ഡിയില്‍ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ കോളജിന് മാലിയുടെ പേര് നല്‍കിയതായി പ്രഖ്യാപിച്ചു. ഇതോടെ, ഓരോ ഇന്ത്യക്കാരെയും അവേശഭരിതരാക്കുന്ന മാലിയുടെ കഥ വീണ്ടും രാജ്യത്ത് ചര്‍ച്ചയായി. 

ഒരുകാലത്ത് പാകിസ്ഥാന്‍ സ്‌പോണ്‍സേഡ് തീവ്രവാദത്തിന്റെ ഈറ്റില്ലമായിരുന്നു അതിര്‍ത്തിയിലെ പിന്നോക്ക ഗ്രാമമായ പൂഞ്ച്. മറ്റു ഗ്രാമവാസികളെപ്പോലെ ആടുമേയ്ക്കല്‍ പ്രധാന ജീവിതോപാധിയാക്കിയ സ്ത്രീയാണ് മാലി. ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് തിരികെയെത്തിയ മാലി, സഹോദരന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. എല്ലാദിവസത്തേയും പോലെ ആടിന് തീറ്റ ശേഖരിക്കാന്‍ പോയ മാലിയുടെ ശ്രദ്ധയിലുടക്കിയ ഒരു സംഭവമായിരുന്നു ഇന്ത്യന്‍ സൈന്യത്തിന് വലിയ സഹായമായത്. 

ഹാജിപൂര്‍ പാസ് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തതിന് പിന്നാലെ, മറുപടി നല്‍കാനായി തക്കംപാര്‍ത്തിരുന്ന പാകിസ്ഥാന്‍ പൂഞ്ച് ലക്ഷ്യംവെച്ച് ആക്രമണത്തിന് പദ്ധതിയിട്ടു. പതിവുപോലെ, രാത്രികാലങ്ങളിലുള്ള ഒളിയാക്രമണത്തിനായിരുന്നു പാക് സൈന്യം മുതിര്‍ന്നത്. 

പില്ലാന്‍വാഡി അരായ് മലനിരകള്‍ മഞ്ഞില്‍മൂടി കിടന്ന 1971 ഡിസംബര്‍ 13ന് പാകിസ്ഥാന്‍ ആക്രമണത്തിന് കോപ്പുകൂട്ടി. അന്ന് നാല്‍പ്പതിനോടടുത്ത് പ്രായമായ മാലി, പില്ലാന്‍വാഡിയിലേക്ക് ആടുകള്‍ക്ക് തീറ്റതേടി എത്തിയതായിരുന്നു. താത്ക്കാലികമായി നിര്‍മ്മിച്ച കുടാരങ്ങളില്‍ നിന്ന് പുക ഉയരുന്നതുകണ്ട മാലി, അപകടം മണത്തു. 

എന്താണ് നടക്കുന്നത് എന്നറിയാനായി കൂടാരങ്ങള്‍ക്ക് അടുത്തെത്തിയ മാലി കണ്ടത്, ആയുധങ്ങള്‍ വൃത്തിയാക്കുന്ന സൈന്യത്തെയാണ്. ഒറ്റനോട്ടത്തില്‍തന്നെ അവര്‍ ഇന്ത്യന്‍ സൈനികരല്ലെന്ന് മാലി തിരിച്ചറിഞ്ഞു. മനസാന്നിധ്യം വീണ്ടെടുത്ത അവര്‍,മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന മലനിരകള്‍ ഓടിയിറങ്ങി. 

സഹോദരന്റെ അടുത്തെത്തിയാണ് ആദ്യം വിവരം അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു സഹോദരന്റെ ഉപദേശം. ഇതില്‍ നിരാശയായ മാലി ഉടനെതനനെ ഗ്രാമ മുഖ്യനെ കണ്ട് വിവരം പറഞ്ഞു. എന്നാല്‍, ഗ്രാമ മുഖ്യനും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. ഇന്ത്യന്‍ സൈന്യത്തിന് വിവരങ്ങള്‍ നല്‍കിയാല്‍ തങ്ങളുടെ ജീവന്‍ ഭീകരവാദികള്‍ ഇല്ലാതാക്കും എന്ന ഭയമായിരുന്നു രണ്ടാള്‍ക്കും. 

സഹോദരന്റെയും ഗ്രാമ മുഖ്യന്റെയും ഉപദേശം ചെവികൊള്ളാന്‍ പക്ഷേ മാലി തയ്യാറായില്ല. ഐടിബിപി ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കാലായ് ലക്ഷ്യമാക്കി മാലി വീണ്ടും ഓടി. പക്ഷേ ക്യാമ്പിലെത്തിയെങ്കിലും എങ്ങനെയാണ് സൈന്യത്തെ ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കുക എന്ന കാര്യത്തില്‍ അവര്‍ക്ക് ഒരുവിധ ധാരണയും ഉണ്ടായിരുന്നില്ല. ഭാഷയായിരുന്നു വില്ലന്‍. മറ്റൊരാളുടെ സഹായത്തോടെ ഐടിബിപി ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. 

വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍, മാലിയെയും കൂട്ടി അടുത്തുള്ള സൈനിക യൂണിറ്റിലേക്കെത്തി. അപകടം മണത്ത സൈന്യം, ഉടനടി മലമുകളിലേക്ക് തിരിച്ചു. മാലിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. മാലി കാണിച്ചുകൊടുത്ത വഴികളിലൂടെ സൈന്യം മലമുകളിലെത്തി. 

പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ 30 പാകിസ്ഥാന്‍ പട്ടാളക്കാരെ സൈന്യം വകവരുത്തി. പൂഞ്ചിലെ ജനങ്ങളുടെ ജീവന്‍ രക്ഷിച്ച മാലി അതോടെ 'വാര്‍ ഹീറോ' ആയി. വീരചക്രം നല്‍കി മാലിയെ ആദരിക്കാന്‍ സൈന്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 1972ല്‍ കേന്ദ്രസര്‍ക്കാര്‍ മാലിയെ പദ്മശ്രീ നല്‍കി ആദരിച്ചു. 

എന്നാല്‍ പിന്നീട് വിസ്മൃതിയിലേക്ക് മറഞ്ഞ മാലിയെ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ മരണശഷം സര്‍ക്കാര്‍ വീണ്ടും ആദരിക്കുകയാണ്. മാലിയുടെ  പേരില്‍ നിര്‍മ്മിക്കുന്നത് 195 കോടിയുടെ കോളജ് ആണ്. ഹോക്കി ടര്‍ഫും ബോക്‌സിങ് ഹാളും ഈ പദ്ധതിയിലുണ്ട്. പദ്ധതിയുടെ തറക്കല്ലിടല്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍വഹിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com