കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയ്ക്ക് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചത് വിവാദത്തിൽ. സംഭവം കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയതോടെയാണ് വിവാദമുയർന്നത്.
ജൊറാസങ്കോ മണ്ഡലത്തില്‍ നിന്നുള്ള വിവേക് ഗുപ്തയുടെ ഭാര്യ രുചിക ഗുപ്തയ്ക്കാണ് ഒരു കോടി ഒന്നാം സമ്മാനം അടിച്ചത്. ഭരണകക്ഷി എംഎല്‍എയുടെ ഭാര്യക്ക് ലോട്ടറിയടിച്ചത് തൃണമൂലിന്റെ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിക്കുന്നു.
ഓഗസ്റ്റ് 31നാണ് എംഎല്‍എയുടെ ഭാര്യ സമ്മാനാര്‍ഹയായ ഡിയർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ലോട്ടറി കമ്പനിയും തൃണമൂലും തമ്മില്‍ ബന്ധമുണ്ടെന്ന് ലോട്ടറി പരസ്യം ട്വിറ്ററില്‍ പങ്കുവച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.
'കള്ളപ്പണം വെളുപ്പിക്കാന്‍ എളുപ്പ മാര്‍ഗം ലോട്ടറിയാണ്. സാധാരണക്കാര്‍ ലോട്ടറി ടിക്കറ്റ് വാങ്ങുന്നു. എന്നാല്‍ ബംബറടിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കാണ്. ആദ്യം അനുബ്രത മൊണ്ടലിന് ജാക്‌പോട്ട് അടിച്ചു. ഇപ്പോള്‍ എംഎയുടെ ഭാര്യ ഒരു കോടി നേടി. സാധാരണക്കാര്‍ തങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ഇത്തരം ടിക്കറ്റുകളില്‍ മുടക്കുന്നു. തൃണമൂല്‍ നേതാക്കള്‍ ഇതിന്റെ ലാഭം സ്വന്തമാക്കുന്നു'- സുവേന്ദു അധികാരി ആരോപിച്ചു.
ലോട്ടറി കമ്പനിയും തൃണമൂലും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിച്ച് 2021 നവംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് താന്‍ കത്തയച്ചുവെന്നും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ലോട്ടറിയടിച്ച തുക ഉപയോഗിക്കുമെന്ന് ഒന്നാം സമ്മാനം സ്വന്തമാക്കിയ രുചിക ഗുപ്ത പറഞ്ഞു. ഒരു വ്യക്തിയെ ലക്ഷ്യം വയ്ക്കുന്നത് വളരെ ദൗര്‍ഭാഗ്യകരവും ലജ്ജാവഹവുമാണെന്ന് ഇവരുടെ ഭര്‍ത്താവും എംഎല്‍എയുമായ വിവേക് ഗുപ്ത വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതികരിച്ചു.
'എന്റെ ഭാര്യ കുറ്റക്കാരിയാണെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഈ കുറ്റം ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ ലോട്ടറിയടിച്ച് സമ്മാനങ്ങള്‍ നേടിയ എല്ലാവര്‍ക്കുമെതിരെ നടപടി എടുക്കണം. വീട്ടിലേക്ക് വന്നേക്കാമെന്ന് പറഞ്ഞു എനിക്ക് ഇഡിയുടെ ഫോണ്‍ വന്നിരുന്നു. അവര്‍ക്ക് അധികാരമുള്ളതിനാല്‍ ഞാന്‍ അവരെ സ്വാഗതം ചെയ്യുന്നു'- വിവേക് ഗുപ്ത പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
