മുംബൈയില്‍ നിന്ന് യുപിയിലേക്ക് തട്ടിക്കൊണ്ടുപോയി, മകളെ രക്ഷിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങി അച്ഛന്‍; 'ടേക്കണ്‍ സിനിമ' മാതൃകയില്‍ ഒരു രക്ഷപ്പെടുത്തല്‍

തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് 12 വയസുള്ള മകളെ രക്ഷിക്കാന്‍  'രണ്ടും കല്‍പ്പിച്ച്' ഇറങ്ങി ദിവസ കൂലിക്കാരനായ അച്ഛന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് 12 വയസുള്ള മകളെ രക്ഷിക്കാന്‍  'രണ്ടും കല്‍പ്പിച്ച്' ഇറങ്ങി ദിവസ കൂലിക്കാരനായ അച്ഛന്‍. മുംബൈ ബാന്ദ്രയില്‍ നിന്ന് കാണാതായ മകളെ കണ്ടുപിടിക്കാന്‍ ഉത്തര്‍പ്രദേശില്‍ എത്തിയ അച്ഛന്‍ 12കാരിയെ രക്ഷിച്ചു. സിനിമയെ വെല്ലുന്ന തരത്തിലാണ് അച്ഛന്‍ അന്വേഷണം നടത്തി മകളെ രക്ഷിച്ചത്.

24 വയസുള്ള ഷാഹിദ് ഖാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വസ്‌ത്രോല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഷാഹിദ് താമസിക്കുന്ന പ്രദേശത്ത് തന്നെയാണ് കുട്ടിയും കുടുംബവും കഴിയുന്നത്. സെപ്റ്റംബര്‍ നാലിന് ഷോപ്പിങ്ങിന് എന്ന പേരിലാണ് കുട്ടിയെ യുവാവ് കൊണ്ടുപോയത്. 

കുര്‍ളയിലേക്ക് എന്ന് പറഞ്ഞാണ് കുട്ടിയ ഒപ്പം കൂട്ടിയത്. കുര്‍ളയിലേക്ക് പോകുന്നതിന് പകരം ബസില്‍ കയറി യുവാവ് സൂറത്തിലേക്ക് പോയി. പെണ്‍കുട്ടിയും ബസില്‍ യുവാവിനൊപ്പം ഉണ്ടായിരുന്നു. അവിടെ നിന്ന് ട്രെയിനില്‍ ഡല്‍ഹിയില്‍ എത്തിയതായി പൊലീസ് പറയുന്നു.

അമ്മയോട് നുണ പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി യുവാവിനൊപ്പം പോയത്. ഏറെ വൈകിയിട്ടും കുട്ടി എത്താതെ വന്നതോടെ, മാതാപിതാക്കള്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസ് തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് കുട്ടിയുടെ അച്ഛന്‍ സമാന്തരമായി അന്വേഷണം തുടങ്ങിയത്. അയല്‍വാസികളോടും പ്രദേശത്തുള്ള മറ്റുള്ളവരോടും യുവാവിനെ കുറിച്ച് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതി യുപിയില്‍ ഉണ്ടെന്ന വിവരം അച്ഛന് ലഭിച്ചു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെയാണ് കുട്ടിയുടെ അച്ഛന്‍ പ്രതിയെ പിടികൂടിയത്. ടേക്കണ്‍ എന്ന ഫ്രഞ്ച്- ഇംഗ്ലീഷ് ചിത്രത്തിന് സമാനമായാണ് അച്ഛന്‍ മകള്‍ക്ക് വേണ്ടി അന്വേഷണം നടത്തിയത്.

അലിഗഡിലെ ഐട്രോളി ഗ്രാമത്തില്‍ നിന്നാണ് 24കാരന്‍ വരുന്നതെന്നാണ് അച്ഛന്‍ കണ്ടെത്തിയത്. തുടര്‍ന്ന് അച്ഛന്‍ പ്രതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. ലോക്കല്‍ പൊലീസിന്റെയും ഗ്രാമവാസികളുടെയും സഹായത്തോടെയാണ് അച്ഛന്‍ പെണ്‍കുട്ടിയെ രക്ഷിച്ചത്. സൂറത്തിലേക്കുള്ള ബസ് യാത്രയ്ക്കിടെ, മദ്യലഹരിയില്‍ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി അച്ഛന്റെ പരാതിയില്‍ പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com