70 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലേക്ക് വീണ്ടും ചീറ്റപ്പുലികള്‍ എത്തിക്കഴിഞ്ഞു. ചീറ്റകള്‍ സജീവമാകുമ്പോള്‍ അവയെക്കുറിച്ച് ചില രസകരമായ വസ്തുതകളും അറിയാം.
ലോകത്തിലെ ഏറ്റവും വേഗമുള്ള മൃഗമാണ് ചീറ്റപ്പുലികള്‍. മൂന്ന് സെക്കന്‍ഡുകള്‍ കൊണ്ട് അവ 100 മീറ്ററുകള്‍ താണ്ടും. കാറുകളേക്കാള്‍ വേഗതയുണ്ട് ചീറ്റകള്‍ക്കെന്ന് ചുരുക്കം. ഒളിംപിക് ചാമ്പ്യനും ലോകത്തിലെ ഏറ്റവും വേഗതയുള്ള മനുഷ്യനുമായ ഉസൈന്‍ ബോള്‍ട്ടിന്റെ വേഗത 44 ആണ്.
ചീറ്റ മികച്ച ഓട്ടക്കാരന്‍ തന്നെയെങ്കിലും ദീര്‍ഘ നേരം അവയ്ക്ക് വേഗത നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അവയ്ക്ക് 30 സെക്കന്‍ഡോ അതില്‍ താഴയോ മാത്രമേ ഒരേ വേഗം നിലനിര്‍ത്താന്‍ സാധിക്കു. പിന്നീട് ഇത് കുറയും.
ചീറ്റയുടെ ഈ വേഗതയ്ക്ക് കാരണം അതിന്റെ ശാരീരിക ഘടന തന്നെയാണ്. വലിയ ശ്വാസകോശങ്ങളും നാസാരന്ധ്രങ്ങളും ധാരാളം ഓക്സിജന്‍ എടുക്കാന്‍ അവയെ സഹായിക്കുന്നു. വലിയ ഹൃദയമുള്ള ചീറ്റകള്‍ക്ക് ശരീരത്തിന് ചുറ്റും ധാരാളം രക്തം വേഗത്തില്‍ പമ്പ് ചെയ്യാനും സാധിക്കുന്നു.
ചീറ്റകള്‍ക്ക് മെലിഞ്ഞതും വഴങ്ങുന്നതുമായ ശരീരമാണുള്ളത്. മൃദുലമായ നട്ടെല്ലാണ് അവയുടേത്. ചെറിയ തലയായതിനാല്‍ വായു പ്രതിരോധം കുറയും. നീളമുള്ള നേര്‍ത്ത കാലുകള്‍ വലിയ മുന്നേറ്റം നടത്താന്‍ സഹായിക്കുന്നു. മാര്‍ജാര വംശത്തിലെ മറ്റുള്ളവയെ അപേക്ഷിച്ച് ചീറ്റകളുടെ കാല്‍പ്പാദങ്ങള്‍ വൃത്താകൃതിയിലാണ്.
പെണ്‍ ചീറ്റകള്‍ ഏകാന്ത ജീവിതം ഇഷ്ടപ്പെടുന്നവയാണ്. ഇണ ചേരാന്‍ മാത്രമാണ് ചീറ്റകള്‍ ഒരുമിക്കാറുള്ളത്. 93 ദിവസമാണ് ഒരു ചീറ്റയുടെ ഗര്‍ഭകാലം. ഒറ്റ പ്രസവത്തില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് വരെ ഇവ ജന്മം നല്‍കുന്നു.
പകല്‍ സമയത്ത് ചൂട് അധികമാകുമ്പോള്‍ ഇവ കൂടുതല്‍ സജീവമാകുന്നു. കൂടുതല്‍ നേരെ ഉറങ്ങാനും ഇവയ്ക്ക് താത്പര്യമുണ്ട്. സിംഹങ്ങള്‍, കടുവകള്‍, പുള്ളിപ്പുലികള്‍, ജാഗ്വറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് മാര്‍ജാരന്‍മാരെപ്പോലെ ഇവ ഗര്‍ജിക്കാറില്ല.
10-12 വര്‍ഷമാണ് കാട്ടില്‍ ഇവയുടെ ശരാശരി ആയുസ്. അതേസമയം സംരക്ഷണം നല്‍കിയാല്‍ 17 മുതല്‍ 20 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കടുവ അടക്കമുള്ള മറ്റ് മാര്‍ജാര വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇവയുടെ വേട്ടയാടല്‍ രീതികളും. രാവിലെയും വൈകീട്ടുമാണ് ഇവ വേട്ടയ്ക്കിറങ്ങുന്നത്. കാട്ടു മൃഗങ്ങളെയാണ് ഇവ കാര്യമായി ഭക്ഷിക്കാറുള്ളത്. വളര്‍ത്തു മൃഗങ്ങളോട് ഇവ താത്പര്യം കാണിക്കാറില്ല. ആണ്‍ ചീറ്റകള്‍ സഹോദരന്‍മാരുണ്ടെങ്കില്‍ കൂട്ടമായാണ് വേട്ടയ്ക്കിറങ്ങുന്നത്. പ്രായപൂര്‍ത്തിയായ ചീറ്റകള്‍ ഓരോ രണ്ടോ അഞ്ചോ ദിവസം കൂടുമ്പോഴാണ് വേട്ടയാടുക. മൂന്നോ നാലോ ദിവസം കൂടുമ്പോഴാണ് ഇവ വെള്ളം കുടിക്കുന്നത്.
ദീര്‍ഘ നേരം വേഗത നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഇരയെ എത്രയും പെട്ടെന്ന് കീഴ്‌പ്പെടുത്തുക എന്നതാണ് അവയുടെ ലക്ഷ്യം. ഓട്ടത്തിന്റെ വേഗം കുറയുമ്പോള്‍ അവ ഇരയെ ഉപേക്ഷിക്കും. അവയുടെ വേട്ടയാടലിന്റെ വിജയം എന്നു പറയുന്നതും ഈ വേഗത്തെ അടിസ്ഥാനമാക്കിയതിനാല്‍ അത് 40- 50 ശതമാനത്തില്‍ നില്‍ക്കുന്നു.
ഇത്തരത്തില്‍ അല്‍പ്പ സമയത്തേക്ക് മാത്രം അതിവേഗം ഓടുന്നതിനാല്‍ ഇവ ഇരയെ പിടിച്ച ശേഷം തളരുന്നതിനിടെ മറ്റ് മാംസഭുക്കുകളായ ജീവികള്‍ ഇവയുടെ പക്കല്‍ നിന്ന് ഇരയെ തട്ടിയെടുക്കുന്നത് പതിവാണ്. കഴുകനടക്കമുള്ള പക്ഷികളും ഇത്തരത്തില്‍ ചീറ്റയില്‍ നിന്ന് ഇരയെ തട്ടാറുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates