'രാഹുൽ ​ഗാന്ധി അധ്യക്ഷനാകണം'- പ്രമേയം പാസാക്കി രാജസ്ഥാൻ കോൺ​ഗ്രസ്

പ്രമേയം പാസാക്കിയ കാര്യം രാജസ്ഥാന്‍ മന്ത്രി പിഎസ് ഖചാരിയാവാസ് സ്ഥിരീകരിച്ചു
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാഹുൽ ​ഗാന്ധിയെ കോൺ​ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന് പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സെപ്റ്റംബര്‍ 24നാണ് ആരംഭിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമേ ഉള്ളൂവെങ്കില്‍ അയാളെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കും. 

പ്രമേയം പാസാക്കിയ കാര്യം രാജസ്ഥാന്‍ മന്ത്രി പിഎസ് ഖചാരിയാവാസ് സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ കൊണ്ടുവന്ന പ്രമേയം കോണ്‍ഗ്രസ് യോഗത്തില്‍ പാസാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ​ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്. രാഹുൽ ഗാന്ധിയെ അടുത്ത കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് പുതുച്ചേരി പ്രദേശ് കോൺഗ്രസും പ്രമേയത്തിലൂടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നാളെ നടക്കുന്ന യോഗത്തിൽ ഹിമാചൽ പ്രദേശ് സംസ്ഥാന ഘടകവും സമാനമായ പ്രമേയം പാസാക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. അതേസമയം കോണ്‍ഗ്രസിന് ഗാന്ധിമാരല്ലാത്ത അധ്യക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്. കപില്‍ സിബല്‍, അശ്വനി കുമാര്‍, ഗുലാം നബി ആസാദ് എന്നിവര്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com