2021 വരെ ഒരാളും ഹിജാബ് ധരിച്ചു വന്നില്ല; വിവാദത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്; കര്‍ണാടക സുപ്രീം കോടതിയില്‍

കഴിഞ്ഞ വര്‍ഷം വരെ ഒരു പെണ്‍കുട്ടിയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചു വന്നിരുന്നില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
കർണാടകയിലെ ഹിജാബ് പ്രതിഷേധത്തിനിടെ കോളജിൽ നിന്ന് പുറത്തേക്കിറങ്ങുന്ന വിദ്യാർത്ഥികൾ/ഫയൽ ചിത്രം
കർണാടകയിലെ ഹിജാബ് പ്രതിഷേധത്തിനിടെ കോളജിൽ നിന്ന് പുറത്തേക്കിറങ്ങുന്ന വിദ്യാർത്ഥികൾ/ഫയൽ ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം വരെ ഒരു പെണ്‍കുട്ടിയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചു വന്നിരുന്നില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിവച്ച സോഷ്യല്‍ മീഡിയ കാംപയ്ന്‍ ആണ് ഹിജാബ് വിവാദത്തിനു പിന്നിലെന്ന് കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. 

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതു വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലുകളിലെ വാദത്തിനിടെയാണ് തുഷാര്‍ മേത്ത നിലപാടു വിശദീകരിച്ചത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് വിവാദത്തിനു പിന്നിലുള്ളത്. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഹിജാബ് ധരിച്ചു വരാന്‍ തുടങ്ങിയത് പെട്ടെന്നുണ്ടായ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലല്ല, അതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

2022ലാണ് പോപ്പുലര്‍ ഫ്രണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങിയത്. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥിനികള്‍ കൂട്ടത്തോടെ ഹിജാബ് ധരിച്ചുവരാന്‍ തുടങ്ങിയത്. പെട്ടെന്നു തന്നെ ഇതൊരു വിവാദമായി മാറുകയായിരുന്നു.

വിവാദത്തിനു പിന്നില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള കാണാക്കരങ്ങള്‍ ഉണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് കര്‍ണാടക ഹൈക്കോടതി അംഗീകരിച്ചതാണെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. 

ഒരു മതാചാരത്തെ അനിവാര്യമാണെന്നു വിലയിരുത്തണമെങ്കില്‍, അതു പാലിച്ചില്ലെങ്കില്‍ മതത്തില്‍ നിന്നു പുറത്താവുന്ന സാഹചര്യമുണ്ടാവണം. ഹിജാബിന്റെ കാര്യത്തില്‍ അതില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com