പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല; എന്തിനാണ് റിസോര്‍ട്ട് പൊളിച്ചതെന്ന് അങ്കിതയുടെ കുടുംബം

സംസ്‌കാരം നടത്താനായി അങ്കിതയുടെ കുടുംബത്തെ അധികൃതര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 
കൊല്ലപ്പെട്ട അങ്കിതയുടെ സഹോദരന്‍
കൊല്ലപ്പെട്ട അങ്കിതയുടെ സഹോദരന്‍

ഡെറാഢൂണ്‍: ബിജെപി നേതാവിന്റെ മകനും സംഘവും ചേര്‍ന്ന കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതെ കുടുംബം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നുമാണ് കുടുംബം പറയുന്നത്. സംസ്‌കാരം നടത്താനായി അങ്കിതയുടെ കുടുംബത്തെ അധികൃതര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ അവളുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു. അതേസമയം റിസോര്‍ട്ട് പൊളിച്ചുനീക്കിയതിലും കുടുംബം സംശയം പ്രകടിപ്പിച്ചു. കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ കേള്‍ക്കണമെന്നും പ്രതിയെ തൂക്കിലേറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

കേസില്‍ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. സംഭവത്തിന് പിന്നാലെ വിനോദ് ആര്യ, പുള്‍കിതിന്റെ ജ്യേഷ്ഠനും ബിജെപി യുവ നേതാവുമായ അങ്കിത് ആര്യ എന്നിവരെ ബിജെപി പുറത്താക്കി. ഉത്തരാഖണ്ഡിലെ കളിമണ്ണ് കലാ വികസന ബോര്‍ഡ് ചെയര്‍മാനാണു വിനോദ് ആര്യ. ഒബിസി കമ്മിഷന്‍ വൈസ് പ്രസിഡന്റാണ് അങ്കിത്. 

ഭോഗ്പുരിലെ റിസോര്‍ട്ടില്‍ നിന്ന് കഴിഞ്ഞ 18 നു കാണാതായ യുവതിയുടെ മൃതദേഹം ഇന്നലെ ചീല കനാലില്‍ നിന്നു കണ്ടെടുത്തു. അതിഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ റിസോര്‍ട്ട് ഉടമയും മാനേജര്‍മാരും നിര്‍ബന്ധിക്കുന്നതായി കാണാതായ അന്നു രാത്രി യുവതി സുഹൃത്തിനെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ ഓഫായി. സുഹൃത്ത് റിസോര്‍ട്ട് ഉടമയെ വിളിച്ചപ്പോള്‍ യുവതി റൂമിലേക്കു പോയി എന്നു പറഞ്ഞു. അടുത്ത ദിവസവും യുവതിയെ ഫോണില്‍ കിട്ടാതിരുന്നപ്പോഴാണു പരാതിയായത്. 

പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ വൈകിയെന്നാരോപിച്ച് കോണ്‍ഗ്രസ് ഹരിദ്വാറില്‍ പ്രക്ഷോഭം നടത്തി. പ്രതികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു കൊണ്ടുപോയ പൊലീസ് വാഹനം നാട്ടുകാര്‍ ആക്രമിച്ചു. ഇന്നലെ ബിജെപി എംഎല്‍എ രേണു ബിഷ്ടിന്റെ വാഹനവും നാട്ടുകാര്‍ ആക്രമിച്ചു തകര്‍ത്തു. രേണു പരുക്കില്ലാതെ രക്ഷപ്പെട്ടു. കേസ് ലോക്കല്‍ പൊലീസില്‍ നിന്നു മാറ്റി ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപവല്‍ക്കരിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശിച്ചിട്ടുണ്ട്. 

അതേസമയം പെണ്‍കുട്ടിയുടെ വാട്‌സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടത്തും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി പി ആര്‍ ദേവി പറഞ്ഞു. റിസോര്‍ട്ടിനെ സംബന്ധിച്ച് സമഗ്രമായ അന്വഷണം നടത്തും. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് ലഭിച്ചത്, ഇന്ന് അന്തിമ റിപ്പോര്‍ട്ട് ലഭിക്കുമെന്നും ഡിഐജി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com