ന്യൂഡല്‍ഹി: വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങി ഇന്ത്യയിലെ ഐടി പ്രൊഫഷണലുകൾ കബളിപ്പിക്കപ്പെടുന്ന റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. തായ്‌ലന്‍ഡ്, മ്യാൻമർ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് മികച്ച ശമ്പള വാഗ്ദാനവുമായി ഇത്തരത്തിലുള്ള ജോലി അന്വേഷണങ്ങൾ എത്തുന്നത്.
ആകര്‍ഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ് എന്ന ഉദ്യോഗത്തിന് എന്ന പേരിലാണ് കമ്പനികൾ എത്തിക്കുന്നത്. എന്നാൽ ഇത്തരം കമ്പനികളില്‍ ഭൂരിഭാഗവും കോള്‍- സെന്റര്‍, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവാക്കള്‍ പ്രധാനമായും തൊഴില്‍ത്തട്ടിപ്പിനിരകളാകുന്നത്. ദുബായ്, ഇന്ത്യ എന്നിവടങ്ങളിലെ ഏജന്റുമാര്‍ വഴിയും തട്ടിപ്പിരയാകുന്നുണ്ട്. നിയമവിരുദ്ധമായാണ് പലപ്പോഴും തൊഴിലന്വേഷകരെ രാജ്യാതിര്‍ത്തി കടത്തുന്നത്. ഇത്തരത്തില്‍ മ്യാന്‍മാര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെത്തുന്നവര്‍ക്ക് മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടതായി വരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടേയും മറ്റും പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ പെട്ട് തട്ടിപ്പിനിരയാകരുതെന്ന് സര്‍ക്കാര്‍ പറയുന്നു. തൊഴിലിനായി പോകുന്നവര്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ നിയുക്ത സംഘങ്ങളെ ബന്ധപ്പെട്ട് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തൊഴില്‍ത്തട്ടിപ്പ് റാക്കറ്റുകളുടെ വലയില്‍ പെട്ട് നിരവധി ഇന്ത്യന്‍ യുവാക്കള്‍ നിയമവിരുദ്ധമായി തായ്‌ലന്‍ഡില്‍ എത്തിപ്പെടുന്നുണ്ട്. അതിനാല്‍ തായ്‌ലന്‍ഡിലെ തൊഴിലവസരങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നു വിദേശ കാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മ്യാന്‍മറിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തൊഴില്‍ത്തട്ടിപ്പുകള്‍ ധാരാളമായി നടക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യാങ്കൂണിലെ ഇന്ത്യന്‍ എംബസി നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. ഇതിനോടകം 32 ഇന്ത്യക്കാരെ മ്യാന്‍മറില്‍ നിന്ന് തിരികെയെത്തിച്ചതായും 80- 90 പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates