പാട്ന: ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് വ്യക്തമാക്കി ലാലു പ്രസാദ് യാദവും നിതീഷ് കുമാറും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇരുവരും ഐക്യം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ബിഹാർ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്.
ബിജെപിയെ ഇല്ലാതാക്കുകയും രാജ്യത്തെ രക്ഷിക്കുകയും വേണമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞു. അതിനായി ബിഹാറിൽ ബിജെപിയെ ഇല്ലാതാക്കിയ രീതിയിൽ എല്ലാവരും ഒന്നിക്കണം. സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയിട്ടുണ്ട്. കോൺഗ്രസിന് പുതിയ അധ്യക്ഷനെ കിട്ടിയാൽ 10-12 ദിവസങ്ങൾക്ക് ശേഷം വീണ്ടും കാണണമെന്ന് അവർ തങ്ങളോട് ആവശ്യപ്പെട്ടെന്നും ലാലു കൂട്ടിച്ചേർത്തു.
തങ്ങൾ ഇരുവരും സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതികരിച്ചു. രാജ്യ പുരോഗതിക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ചർച്ചയിൽ ധാരണയായെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഹരിയാനയില്‍ പ്രതിപക്ഷ റാലി നടന്നു. ഐഎന്‍എല്‍ഡി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന ദേവി ലാലിന്‍റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് റാലി വിളിച്ച് ചേർത്തതെങ്കിലും ബിജെപിക്കെതിരായ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‍മയാണ് റാലിയില്‍ കണ്ടത്.
ക്ഷണമുണ്ടായിട്ടും മമതയും ചന്ദ്രശേഖര റാവുവും റാലിക്കെത്തിയില്ല. എന്‍ഡിഎ വിട്ട അകാലിദള്‍, ജെഡിയു, ശിവസേന പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് മൂന്ന് പാർട്ടികളും എൻഡിഎ വിട്ടതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു.
രാജ്യത്തെ കർഷക ആത്മഹത്യകളും പ്രതിഷേധങ്ങളും ഉയർത്തി റാലിയില്‍ എൻസിപി നേതാവ് ശരത് പവാർ കേന്ദ്ര സർക്കാരിനെ വിമർശിച്ചു. അമൃത് തട്ടിയെടുത്ത രാക്ഷസൻമാരാണ് ബിജെപിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരിഹസിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates