അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്‍പ് ജമ്മുവില്‍ ഇരട്ട സ്‌ഫോടനം; നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ പൊട്ടിത്തെറിച്ചു; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 10:20 AM  |  

Last Updated: 29th September 2022 10:20 AM  |   A+A-   |  

JAMMU_BLAST

സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യം

 


ഉധംപൂര്‍: ജമ്മുകശ്മീരിലെ  രണ്ടിടത്ത് ബസുകളില്‍ സ്‌ഫോടനം. ഉധംപൂര്‍ നഗരത്തിലെ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലും ഡോമെയില്‍ ചൗക്കിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിലുമാണ് സ്‌ഫോടനം ഉണ്ടായത്.  സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആദ്യസ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനവും. 

ആദ്യസ്‌ഫോടനം ഇന്നലെ രാത്രി പത്തരയ്ക്കും രണ്ടാമത്തെ സ്‌ഫോടനം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയുമായിരുന്നു. സ്റ്റാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. ഒക്ടോബര്‍ നാലിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുമ്പാണ് സ്‌ഫോടനം ഉണ്ടായത്. ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. നേരത്തെ അമിത് ഷായുടെ പരിപാടികള്‍ സെപ്റ്റംബര്‍ 30നും ഒക്ടോബര്‍ ഒന്നിനും രണ്ടിനുമായിരുന്നു തീരുമാനിച്ചത്. പിന്നീട് അത് നാലിലേക്ക് മാറ്റുകയായിരുന്നു

ഉധംപൂര്‍ ജില്ലയിലെ ഡോമെയില്‍ ചൗക്കിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സമീപത്തുനിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. പരിക്കേറ്റവരെ ഉധംപൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവം നടന്ന ഉടനെ തന്നെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.'രാത്രി പത്തരയോടെയാണ് സ്ഫോടനം ഉണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ലെന്നും, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്' -ഉധംപൂര്‍ ഡിഐജി സുലൈമാന്‍ ചൗധരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡികെ ശിവകുമാറിന്റെ വസതിയിൽ സിബിഐ റെയ്ഡ്; സുപ്രധാന രേഖകൾ പിടിച്ചെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ