അധ്യക്ഷനാവാനില്ല; സോണിയയോടു മാപ്പു പറഞ്ഞു: അശോക് ഗെലോട്ട് 

കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്
അശോക് ഗെലോട്ട് മാധ്യമങ്ങളോടു സംസാരിക്കുന്നു/എഎന്‍ഐ
അശോക് ഗെലോട്ട് മാധ്യമങ്ങളോടു സംസാരിക്കുന്നു/എഎന്‍ഐ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. താന്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരണമെന്നു നിര്‍ബന്ധിക്കുന്ന എംഎല്‍എമാരുടെ മനസ്സു മാറ്റാനായില്ലെന്ന് ഗെലോട്ട് പറഞ്ഞു. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ്, ഗെലോട്ട് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ ഉണ്ടായ സംഭവങ്ങളില്‍ സോണിയ ഗാന്ധിയോടു മാപ്പു പറഞ്ഞതായി ഗെലോട്ട് വെളിപ്പെടുത്തി. നെഹ്‌റു കുടുംബവുമായി തനിക്ക് അന്‍പതു വര്‍ഷത്തെ ബന്ധമാണുള്ളത്. ഇന്ദിര ഗാന്ധിയുടെ കാലത്തും പിന്നീട് രാജീവിന്റെയും സോണിയയുടെയും കാലത്തും അടുത്ത ബന്ധമാണ് പുലര്‍ത്തിയത്. അത് ഇനിയും തുടരുമെന്ന് ഗെലോട്ട് പറഞ്ഞു. 

കൊച്ചിയില്‍ വച്ച് രാഹുല്‍ ഗാന്ധിയെ കണ്ട് അധ്യക്ഷനാവാന്‍ അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം ഇല്ലെന്ന് ആവര്‍ത്തിച്ചപ്പോള്‍ മത്സരിക്കാം എന്ന നിലപാടിലായിരുന്നു ഞാന്‍. എന്നാല്‍ രാജസ്ഥാനിലെ സംഭവ വികാസങ്ങളോടെ നിലപാടു മാറ്റി. ഇനി മത്സരത്തിനില്ലെന്ന് ഗെലോട്ട് പറഞ്ഞു.

അതിനിടെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് ഡല്‍ഹിയിലെത്തി നാമനിര്‍ദേശ പത്രിക കൈപ്പറ്റി. നാളെ പത്രിക നല്‍കുമെന്ന് ദിഗ് വിജയ് സിങ് അറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അറിയിച്ചിട്ടുള്ള ശശി തരൂരുമായി ദിഗ് വിജയ് സിങ് കൂടിക്കാഴ്ച നടത്തി. സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ മത്സരമാണ് തങ്ങള്‍ തമ്മില്‍ നടക്കുന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

രാജസ്ഥാനില്‍ നിന്നുള്ള നേതാവ് സച്ചിന്‍ പൈലറ്റ് ഇന്നു വൈകിട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com