സംയുക്ത സൈനിക മേധാവിയായി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായിട്ടാണ് ചൗഹാന്റെ നിയമനം
ജനറല്‍ അനില്‍ ചൗഹാന്‍/ പിടിഐ
ജനറല്‍ അനില്‍ ചൗഹാന്‍/ പിടിഐ

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവിയായി റിട്ടയേഡ് ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു. ഇന്ത്യയുടെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയാണ് അനില്‍ ചൗഹാന്‍. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായിട്ടാണ് ചൗഹാന്റെ നിയമനം. മിലിട്ടറികാര്യ വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കും. 

നിലവില്‍ ദേശീയ സുരക്ഷാ സമിതിയുടെ സൈനിക ഉപദേഷ്ടാവാണ്. കരസേന മേധാവി മനോജ് പാണ്ഡെ, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ എസ് എന്‍ ഗോര്‍മഡെ, എയര്‍ മാര്‍ഷല്‍ ബി ആര്‍ കൃഷ്ണ എന്നിവരും അനില്‍ ചൗഹാന്റെ കുടുംബാംഗങ്ങളും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു. 

അനില്‍ ചൗഹാന്‍ ഓഫീസിലെത്തി ചുമതലയേറ്റെടുക്കുന്നു, സമീപം പത്‌നി
അനില്‍ ചൗഹാന്‍ ഓഫീസിലെത്തി ചുമതലയേറ്റെടുക്കുന്നു, സമീപം പത്‌നി

ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ജനറൽ അനിൽ ചൗഹാൻ ചുമതലയേൽക്കാൻ സൗത്ത് ബ്ലോക്കിലെത്തിയത്. സൗത്ത് ബ്ലോക്കിൽ പുതിയ സംയുക്ത മേധാവിക്ക് ഗാർഡ് ഓഫ് ഹോണർ നൽകി. കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്ന് 2021 മേയിലാണ് അനില്‍ ചൗഹാന്‍ വിരമിച്ചത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം തുടര്‍ന്നും സജീവമായിരുന്നു. 

ദേശീയ സുരക്ഷാസമിതിയുടെ സൈനികോപദേഷ്ടാവ്, സേനയുടെ മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലേയും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ഭീകര/കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അനില്‍ ചൗഹാന്‍ സൈനിക മേധാവിമാര്‍ക്കൊപ്പം/ എഎന്‍ഐ ചിത്രം
അനില്‍ ചൗഹാന്‍ സൈനിക മേധാവിമാര്‍ക്കൊപ്പം/ എഎന്‍ഐ ചിത്രം

മുന്‍ഗാമി ജനറല്‍ ബിപിന്‍ റാവത്തിന്റെ അതേ റെജിമെന്റായ 11 ഗോര്‍ഖ റൈഫിള്‍സ് നിന്നാണ് അനില്‍ ചൗഹാനും സംയുക്ത സൈനിക മേധാവിയായി എത്തുന്നത്. 11 ഗോര്‍ഖ റൈഫിള്‍സിന്റെ ആറാം ബറ്റാലിയന്‍ അംഗമാണ് ചൗഹാന്‍. 1981 ല്‍ 20-മത്തെ വയസിലാണ് ചൗഹാന്‍ സൈനിക സേവനം ആരംഭിച്ചത്. 40 വർഷത്തെ സൈനിക സേവനത്തിന് ശേഷം സേനയുടെ ഈസ്റ്റേൺ കമാൻഡ് ചീഫായി 2021 മെയിലാണ് ലെഫ് ജനറൽ അനിൽ ചൗഹാൻ വിരമിച്ചത്.

സൈന്യത്തിലെ സ്തുത്യർഹ സേവനത്തിന്, പരമ വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, സേവ മെഡൽ എന്നിവ നേടിയിട്ടുണ്ട്. മികച്ച ഗോള്‍ഫ് കളിക്കാരന്‍ കൂടിയാണ്. ആഫ്റ്റര്‍മാത്ത് ഓഫ് എ ന്യൂക്ലിയര്‍ അറ്റാക്ക്, മിലിട്ടറി ജ്യോഗ്രഫി ഓഫ് ഇന്ത്യാസ് നോര്‍തേണ്‍ ബോഡേഴ്‌സ് എന്നീ പുസ്തകങ്ങളും അനിൽ ചൗഹാൻ രചിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com