അവിഹിത ബന്ധം തുടരാനാവില്ലെന്ന നിരാശ, സര്‍ജു രണ്ടു കുട്ടികളുടെ അച്ഛന്‍; ഹോം തിയറ്റര്‍ പൊട്ടിത്തെറിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

മുന്‍ കാമുകിയുമായുള്ള അവിഹിത ബന്ധം തുടരാനാവില്ലെന്ന നിരാശയാണ് ഹോം തിയറ്ററില്‍ സ്‌ഫോടകവസ്തു ഘടിപ്പിച്ച് കൊലപാതകം നടത്തിയതിന് പിന്നിലെന്ന് പൊലീസ്
സര്‍ജുവിനെ പൊലീസ് പിടികൂടിയപ്പോള്‍
സര്‍ജുവിനെ പൊലീസ് പിടികൂടിയപ്പോള്‍

റായ്പൂര്‍: മുന്‍ കാമുകിയുമായുള്ള അവിഹിത ബന്ധം തുടരാനാവില്ലെന്ന നിരാശയാണ് ഹോം തിയറ്ററില്‍ സ്‌ഫോടകവസ്തു ഘടിപ്പിച്ച് കൊലപാതകം നടത്തിയതിന് പിന്നിലെന്ന് പൊലീസ്. വിവാഹിതനായ സര്‍ജു നവദമ്പതികളെ കൊല്ലാനാണ് പദ്ധതിയിട്ടത്. എന്നാല്‍ വിവാഹ സമ്മാനം എന്ന വ്യാജേന നല്‍കിയ ഹോം തിയറ്റര്‍ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവവരനും സഹോദരനുമാണ് മരിച്ചത്.

ഛത്തീസ്ഗഡിലെ കബീര്‍ധാമിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നവവധുവുമായി സര്‍ജുവിന് അവിഹിത ബന്ധം ഉണ്ടായിരുന്നു. മുന്‍ കാമുകി കല്യാണം കഴിക്കുന്നതോടെ, ബന്ധം തുടരാനാവില്ലെന്ന നിരാശയാണ് ക്രൂര കൃത്യത്തിലേക്ക് യുവാവിനെ നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സമ്മാനമായി ലഭിച്ചതെന്ന് കരുതി ഹോംതിയേറ്റര്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയിലാണ് കബീര്‍ധാം സ്വദേശിയായ ഹേമേന്ദ്ര മെരാവി(22) സഹോദരന്‍ രാജ്കുമാര്‍(30) എന്നിവര്‍ മരിച്ചത്.

ഹോം തിയറ്റര്‍ സിസ്റ്റത്തിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് സര്‍ജു വിവാഹസമ്മാനമായി നല്‍കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ഏപ്രില്‍ ഒന്നാം തീയതിയായിരുന്നു ഹേമേന്ദ്രയുടെ വിവാഹം. വിവാഹചടങ്ങിനിടെ ലഭിച്ച സമ്മാനമായിരുന്നു ഹോം തിയറ്റര്‍. എന്നാല്‍ കഴിഞ്ഞദിവസം ഇത് പ്രവര്‍ത്തിപ്പിച്ച ഉടന്‍ തന്നെ വന്‍ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. അപകടത്തില്‍ ഹേമേന്ദ്ര തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജ്കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വീട്ടിലുണ്ടായിരുന്ന ഒന്നരവയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ രണ്ടു കുട്ടികളുടെ അച്ഛനായ സര്‍ജുവിനെ പൊലീസ് പിടികൂടുകയായിരുന്നു. മ്യൂസിക്ക് സിസ്റ്റം വാങ്ങിയയാളുടെ പേര് ഡീലര്‍ വെളിപ്പെടുത്തിയതോടെയാണ് സര്‍ജുവിലേക്ക് അന്വേഷണം നീണ്ടത്. വിവാഹദിവസമാണ് മ്യൂസിക്ക് സിസ്റ്റം വാങ്ങിയത്. 250 ഗ്രാം അമോണിയം നൈട്രേറ്റും 1.5 കിലോഗ്രാം വെടിമരുന്നും ചേര്‍ത്താണ് സ്‌ഫോടകവസ്തു നിര്‍മ്മിച്ചത്. തുടര്‍ന്ന് ഹോം തിയറ്ററില്‍ സര്‍ജു സ്‌ഫോടകവസ്തു ഘടിപ്പിക്കുകയായിരുന്നു. ഓട്ടോ മെക്കാനിക്ക് ആയ സര്‍ജു, ഹോം തിയറ്റില്‍ പൊട്ടിത്തെറിക്ക് വേണ്ടിയുള്ള സര്‍ക്യൂട്ടും ക്രമീകരിച്ചിരുന്നതായി പൊലീസ് പറയുന്നു. മുന്‍പ് ക്വാറിയില്‍ ജോലി ചെയ്തിരുന്ന സര്‍ജുവിന് അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് ബോംബ് ഉണ്ടാക്കാന്‍ അറിയാമെന്നും പൊലീസ് പറയുന്നു.

കല്യാണത്തിന് മുന്‍പ് മുന്‍ കാമുകിയെ വിവാഹം ചെയ്യരുതെന്ന് പറഞ്ഞ് നവവരനെ സര്‍ജു ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പൊട്ടിത്തെറിയില്‍ വീട്ടിലെ മുറിയിലെ ചുമരും മേല്‍ക്കൂരയും തകര്‍ന്നിരുന്നു. അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഹോം തിയറ്റര്‍ സിസ്റ്റത്തിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ഇതോടെ വിവാഹത്തിന് സമ്മാനം നല്‍കിയവരെ കേന്ദ്രീകരിച്ചായി അന്വേഷണം.

ഇതില്‍നിന്നാണ് നവവധുവിന്റെ മുന്‍കാമുകനാണ് ഹോംതിയറ്റര്‍ സമ്മാനിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയതപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com