ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസിലേക്ക്; ഹുബ്ലി- ധാര്‍വാര്‍ഡ് സെന്‍ട്രലില്‍ സ്ഥാനാര്‍ഥി

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും
ജഗദീഷ് ഷെട്ടാര്‍/ ഫയല്‍
ജഗദീഷ് ഷെട്ടാര്‍/ ഫയല്‍

ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. എഐസിസിയിലെ മുതിര്‍ന്ന നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ ആയിരിക്കും ഷെട്ടാറിന്റെ കോണ്‍ഗ്രസ് പ്രവേശനം. ഇന്നലെ അര്‍ധരാത്രിയില്‍ നടന്ന ചര്‍ച്ചയിലാണ് ഷെട്ടാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ തീരുമാനമായത്. ഹുബ്ലി- ധാര്‍വാര്‍ഡ് സെന്‍ട്രല്‍ അസംബ്ലി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷെട്ടാര്‍ ബിജെപി വിട്ടത്. കോണ്‍ഗ്രസില്‍ എത്തുന്ന ഷെട്ടാര്‍ ഈ സീറ്റില്‍ നിന്ന് തന്നെ ജനവിധി തേടും. ലിംഗായത്ത് നേതാവാണ് ഷെട്ടാര്‍. ബിജെപി ശക്തികേന്ദ്രമായ ഹുബ്ലി- ധാര്‍വാര്‍ഡ് സെന്‍ട്രലില്‍ ഷെട്ടാര്‍ എതിര്‍ സ്ഥാനാര്‍ഥിയാവുന്നതോടെ, കടുത്ത പോരാട്ടത്തിന് മണ്ഡലം സാക്ഷ്യം വഹിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. 

ബിജെപിക്കുള്ളില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ഷെട്ടാര്‍ ഇന്നലെ ആരോപിച്ചത്.കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും തന്നെ വന്നു കണ്ടിരുന്നു. മത്സരരംഗത്തു നിന്നും മാറണമെന്നും, പകരം കുടുംബാഗങ്ങളില്‍ ആര്‍ക്കെങ്കിലും സീറ്റ് നല്‍കാമെന്നും പറഞ്ഞു. തനിക്ക് പകരം സ്ഥാനങ്ങള്‍ നല്‍കുമെന്നും വാഗ്ദാനം നല്‍കി. എന്നാല്‍ താന്‍ ആ നിര്‍ദേശം നിരസിച്ചെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ തന്നോട് മോശമായാണ് പെരുമാറിയത്. ജഗദീഷ് ഷെട്ടാര്‍ ആരാണെന്ന് ബിജെപി നേതാക്കള്‍ക്കറിയില്ല. താന്‍ നിശബ്ദനായിരിക്കുമെന്ന് അവര്‍ കരുതേണ്ട. നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.

ഹുബ്ലി-ധര്‍വാഡില്‍ ഒരു അവസരം കൂടി നല്‍കണമെന്നാണ് ഷെട്ടാര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. ആറു തവണ ഇവിടെ നിന്നുള്ള ജനപ്രതിനിധിയായിരുന്നു ഷെട്ടാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com