

ന്യൂഡൽഹി: മാവോയിസ്റ്റ് പ്രവർത്തനം ആരോപിച്ചുള്ള കേസിൽ ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രൊഫ. ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസിൽ വീണ്ടും വാദം കേൾക്കാൻ ബോംബെ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി. ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
യുഎപിഎ കേസിൽ പുതുതായി വാദം കേട്ട് തീർപ്പുകൽപ്പിക്കാനാണ് സുപ്രീംകോടതി നിർദേശം. നേരത്തെ കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി ബഞ്ചിന് പകരം പുതിയ ബെഞ്ച് ആകണം കേസ് വാദം കേട്ട് തീർപ്പു കൽപ്പിക്കേണ്ടതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. 2015 മാർച്ചിലാണ് മഹാരാഷ്ട്രയിലെ ഗഡ്ചരോളി ജില്ലാ സെഷൻസ് കോടതി മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന പ്രൊഫ. സായിബാബ അടക്കമുള്ള അഞ്ചുപേരെ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഈ വിധിയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. നടപടിക്രമങ്ങൾ പാലിക്കുന്നതിലും വാദം കേട്ടതിലും അടക്കം പലവിധ വീഴ്ചകൾ വന്നിരുന്നതായി സുപ്രീംകോടതി കേസിൽ വാദംകേൾക്കവെ വാക്കാൽ പരാമർശിച്ചിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട ഒരു പ്രതി വിചാരണക്കിടെ മരിച്ചുപോയിരുന്നു.
കേസിൽ പ്രൊഫ സായിബാബയ്ക്ക് പുറമെ, കർഷകരായ മഹേഷ് കരിമാൻ തിർകി, പാണ്ടുപോറ നരോത്തെ, വിദ്യാർത്ഥിയായ ഹേം കേശവ് ദത്ത മിശ്ര, ജേർണലിസ്റ്റ് പ്രശാന്ത് സംഗ്ലിക്കർ എന്നിവരെയാണ് ജീവപര്യന്തം തടവിന് ഗഡ്ചരോളി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. തൊഴിലാളിയായ വിജയ് തിർകിയെ 10 വർഷം തടവിനും ശിക്ഷിച്ചിരുന്നു. ഈ വിധിയാണ് ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ച് റദ്ദാക്കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates