
ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബിവി ശ്രീനിവാസനെതിരെ പരാതി നൽകിയ അസം യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷ അങ്കിത ദത്തയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അങ്കിതയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയതായി നേതൃത്വം വാർത്താക്കുറിപ്പിലൂടെ അറിയച്ചു
ബിവി ശ്രീനിവാസനെതിരെ അങ്കിത അസമിലെ ദിസ്പൂർ പൊലീസ് സ്റ്റേഷിൽ ചൊവ്വാഴ്ച പരാതി നൽകിയിരുന്നു. ആറ് മാസമായി ബിവി ശ്രീനിവാസ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും മുതിർന്ന കോൺഗ്രസ് നേതാക്കളോട് പരാതിപ്പെട്ടാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അങ്കിത ആരോപിച്ചു.
എഐസിസി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് അങ്കിത പറഞ്ഞിരുന്നു.. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. അതേസമയം അങ്കിതയുടെ ആരോപണങ്ങൾ അസം കോൺഗ്രസ് നേതൃത്വം തള്ളുകയും മതിയായ വിശദീകരം നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. അസം പിസിസി മുൻ അധ്യക്ഷനും മുൻ മന്ത്രിയുമായ അഞ്ജൻ ദത്തിയുടെ മകളാണ് അങ്കിത.
അങ്കിതയെ പുറത്താക്കിയ നടപടിയെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു. കോൺഗ്രസിന്റെ സ്ത്രീ ശാക്തീകരണ മാതൃകയാണ് ഇതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പരാതി കേൾക്കാൻ വേദിയൊരുക്കുന്നതിന് പകരം പീഡനം ആരോപിച്ച യുവതിയെ പുറത്താക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക