മോദിയുടെ പ്രശംസ, 'പങ്കെടുക്കുന്നത് അഭിമാനം'; വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മന്‍ കി ബാത്തിന് എത്തിയ യുവതി പ്രസവിച്ചു 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ യുവതി പ്രസവിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ യുവതി പ്രസവിച്ചു. മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഇവര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പ്രത്യേക ക്ഷണിതാവായി ഡല്‍ഹിയിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.   

ലഖിംപൂര്‍ ഖേരിയിലെ സ്വയം സഹായ സംഘത്തിലെ അംഗമായ 24കാരിയായ പൂനം ദേവിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് രാവിലെ ഡല്‍ഹിയില്‍ നടക്കുന്ന മന്‍ കി ബാത്ത്  സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് പൂനം ദേവി എത്തിയത്. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി വൈകീട്ട് 6.42 ഓടേയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ആദിത്യ എന്ന പേര് നല്‍കാന്‍ തീരുമാനിച്ചതായി പൂനം ദേവിയുടെ ഭര്‍ത്താവ് പറഞ്ഞു.

മന്‍ കി ബാത്തിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ ഒന്നില്‍ പൂനം ദേവിയുടെ നേട്ടങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിച്ചിരുന്നു. അതുകൊണ്ട് പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോഴും മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡില്‍ പങ്കെടുക്കാന്‍ പൂനം ദേവി തീരുമാനിക്കുകയായിരുന്നു. 

പൂര്‍ണ ഗര്‍ഭിണിയായിരിക്കേ, ഇത്രയും ദൂരം യാത്ര ചെയ്ത് പൂനം ദേവി ഡല്‍ഹിയിലേക്ക് പോകുന്നതിനോട് താന്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി ഭര്‍ത്താവ് പ്രമോദ് കുമാര്‍ പറയുന്നു. എന്നാല്‍ ഗ്രാമത്തിലെ സ്വയം സഹായ സംഘത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം എന്ന് പറഞ്ഞ് പരിപാടിയില്‍ പങ്കെടുക്കാന്‍ പൂനം ദേവി നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com