മോദി വരട്ടെ, എന്നിട്ട് പറയാം; ചര്‍ച്ചയില്‍ രാഹുലിന്റെ പ്രസംഗം വൈകിപ്പിച്ച് കോണ്‍ഗ്രസ്; ഉണരാന്‍ വൈകിയെന്ന് ബിജെപി

കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും അസമില്‍നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടിസ് അവതരിപ്പിച്ചത്.
രാഹുല്‍ ഗാന്ധി / പിടിഐ
രാഹുല്‍ ഗാന്ധി / പിടിഐ

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ലോക്‌സഭയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വൈകിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. മോദി സഭയിലെത്തുന്ന ദിവസം രാഹുല്‍ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ലമെന്റിലേക്ക് തിരികെയെത്തിയ രാഹുല്‍ ഗാന്ധി ആദ്യം സംസാരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചതെങ്കിലും രാഹുല്‍ സംസാരിച്ചില്ല. ഇതിനെതിരെ പരിഹാസവുമായി ബിജെപി രംഗത്തുവന്നു. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നിട്ടും എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് സംസാരിക്കാതിരുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പരിഹസിച്ചു. രാഹുല്‍ തയാറാവാത്തതിനാലാണോ അതോ ഉറക്കമെഴുന്നേല്‍ക്കാന്‍ വൈകിയതു കൊണ്ടാണോ സംസാരിക്കാത്തതെന്ന് നിഷികാന്ത് ദുബേ പരിഹസിച്ചു. 

കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും അസമില്‍നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടിസ് അവതരിപ്പിച്ചത്. ഒരൊറ്റ ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടു മണിപ്പുരാണുള്ളതെന്ന് തരുണ്‍ ഗൊഗോയ് ചൂണ്ടിക്കാട്ടി. രണ്ടു വിഭാഗങ്ങള്‍ ഇത്തരത്തില്‍ ഏറ്റുമുട്ടുന്നതു മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. മണിപ്പുരില്‍ ലഹരിമാഫിയയ്ക്കു പിന്തുണ നല്‍കുന്നതു മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും ഗൗരവ് കുറ്റപ്പെടുത്തി.

മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത് വെറും 30 സെക്കന്‍ഡ് മാത്രമാണെന്ന് ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. മണിപ്പുരിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. മന്ത്രിമാര്‍ക്കും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും ഗൊഗോയ് പറഞ്ഞു.

അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം മൂന്നു ചോദ്യങ്ങളും ഉയര്‍ത്തി. 1. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരില്‍ പോയില്ല? 2. മുഖ്യമന്ത്രിയെ മാറ്റാന്‍ പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ട്? 3. പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പ്രധാനമന്ത്രി സഭയില്‍വന്നു സംസാരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതെന്നു കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കിയിരുന്നു.

അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ എത്താത്തതിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ജനങ്ങള്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് പാര്‍ലമെന്റില്‍ എത്തുന്നതിനു വേണ്ടിയാണെന്നും എന്താണ് അദ്ദേഹത്തെ അതില്‍നിന്ന് പിന്‍വലിയാല്‍ പ്രേരിപ്പിക്കുന്നതെന്നും ഡിഎംകെ ആരാഞ്ഞു. 

അവിശ്വാസപ്രമേയത്തില്‍ 12 മണിക്കൂറോളമാണ് ചര്‍ച്ച നടക്കുക. ആറ് മണിക്കൂര്‍ 41 മിനിറ്റ് ബിജെപിക്കും ഒരുമണിക്കൂര്‍ 16 മിനിറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ലഭിക്കും. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച സഭയില്‍ മറുപടി നല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com