ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പി രക്ഷയായി, കുഴല്‍ക്കിണറില്‍ വീണ കൈക്കുഞ്ഞ് തങ്ങിനിന്നു; അഞ്ചുമണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്- വീഡിയോ 

ഒഡീഷയില്‍ കുഴല്‍ക്കിണറില്‍ വീണ നവജാതശിശുവിനെ അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷിച്ചു
കുഞ്ഞ് കുഴൽക്കിണറിൽ വീണ നിലയിൽ, സ്ക്രീൻഷോട്ട്
കുഞ്ഞ് കുഴൽക്കിണറിൽ വീണ നിലയിൽ, സ്ക്രീൻഷോട്ട്

ഭുവനേശ്വര്‍: ഒഡീഷയില്‍ കുഴല്‍ക്കിണറില്‍ വീണ നവജാതശിശുവിനെ അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷിച്ചു. കോച്ചിപിടിക്കുന്ന തണുപ്പുള്ള രാത്രിയില്‍ കത്തുന്ന 100 വാട്ടിന്റെ ബള്‍ബ് നല്‍കിയ ചൂടാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്. കൂടാതെ കുഴല്‍ക്കിണറില്‍ ആരോ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പിയും കുഞ്ഞിന് രക്ഷയായി. കുപ്പിയുടെ മുകളിലേക്കാണ് കുഞ്ഞ് വന്നുവീണത്. ഇതുമൂലം കുഴല്‍ക്കിണറിന്റെ വശങ്ങളില്‍ ഇടിച്ച് പരിക്കേല്‍ക്കുന്നതില്‍ നിന്നും കുഴല്‍ക്കിണറില്‍ വലിച്ചെറിഞ്ഞ കുപ്പിചില്ലുകളില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ചതായി അധികൃതര്‍ പറയുന്നു. 

ചൊവ്വാഴ്ച രാത്രി രെംഗലി മേഖലയിലെ ലാരിപാലി ഗ്രാമത്തിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന 20 അടി നീളമുള്ള കുഴല്‍ക്കിണറിലാണ് കുഞ്ഞ് വീണത്. കുഞ്ഞ് എങ്ങനെയാണ് വീണത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെത്തിച്ച കുഞ്ഞ് നിലവില്‍ വീര്‍ സുരേന്ദ്ര സായ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ദേഹത്ത് നേരിയ പരിക്കുകള്‍ ഉണ്ടെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരത്തിലെ ചൂട് നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്ന ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയ്ക്ക് കുഞ്ഞിന് ചികിത്സ തുടരുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. 

കുഴല്‍ക്കിണറിനുള്ളില്‍ നിന്നുള്ള കുട്ടിയുടെ കരച്ചില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ്  രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായകമായത്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ, വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. കുഞ്ഞ് കുഴല്‍ക്കിണറില്‍ വീണ സമയത്ത് അന്തരീക്ഷ ഊഷ്മാവ് വെറും 12 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. കൊടും തണുപ്പ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. കോച്ചിപിടിക്കുന്ന തണുപ്പ് കുഞ്ഞ് അതിജീവിക്കുമോ എന്ന ആശങ്കയാണ് മുഖ്യമായി ഉയര്‍ന്നത്. 

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുഴല്‍ക്കിണറിലേക്ക് ഓക്‌സിജന്‍ കടത്തിവിട്ടു. ഇടയ്ക്ക് വച്ച് കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയതും ആശങ്ക കൂട്ടി. അതിനിടെ കൊടുംതണുപ്പിനെ അതിജീവിക്കാന്‍ കുഞ്ഞിന്റെ ദേഹത്തെ ചൂട് നഷ്ടപ്പെടാതിരിക്കാന്‍ കത്തിച്ച നൂറ് വാട്ടിന്റെ ബള്‍ബ് കുഴല്‍ക്കിണറിനുള്ളിലേക്ക് ഇറക്കിയത് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായതായി അധികൃതര്‍ പറഞ്ഞു.നവജാത ശിശുക്കള്‍ക്ക് ചൂട് ലഭിക്കുന്നതിന് ശിശുക്കളുടെ തീവ്രപരിചരണ വിഭാഗങ്ങളില്‍ സാധാരണയായി ബള്‍ബ് കത്തിച്ചിടാറുണ്ട്.

കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചിലാണ് എത്രയും പെട്ടെന്ന് അരികില്‍ എത്താന്‍ സഹായകമായതെന്നും അധികൃതര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ല. എല്ലാവിധ മുന്‍കരുതലും സ്വീകരിച്ച ശേഷമാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന്റെ ദേഹം പൊള്ളിയാലോ എന്ന ധാരണയില്‍ കുഴല്‍ക്കിണറായ ഇരുമ്പ് പൈപ്പ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതും വേണ്ടായെന്ന് വെയ്ക്കുകയായിരുന്നു എന്നും അധികൃതര്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com