കശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്നു; വീടുകള്‍ക്ക് വിള്ളല്‍; പരിശോധനയ്ക്ക് വിദഗ്ധ സംഘം

ദോഡ ഗ്രാമത്തിലെ 19 വീടുകളിലും ഒരു പള്ളിയിലും, ഒരു മദ്രസയും ഉള്‍പ്പടെ 21 സ്ഥലങ്ങളില്‍ വിള്ളലുണ്ടായതായാണ് റിപ്പോര്‍ട്ട്.
ദോഡ ജില്ലയില്‍ ഭുമി ഇടിയുന്നതിനെ തുടര്‍ന്ന് വിള്ളല്‍ വീണ വീടുകള്‍/ പിടിഐ
ദോഡ ജില്ലയില്‍ ഭുമി ഇടിയുന്നതിനെ തുടര്‍ന്ന് വിള്ളല്‍ വീണ വീടുകള്‍/ പിടിഐ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ജോഷിമഠിന് സമാനമായ പ്രതിസന്ധി. ദോഡ ഗ്രാമത്തിലെ 19 വീടുകളിലും ഒരു പള്ളിയിലും, ഒരു മദ്രസയും ഉള്‍പ്പടെ 21 സ്ഥലങ്ങളില്‍ വിള്ളലുണ്ടായതായാണ് റിപ്പോര്‍ട്ട്. വിള്ളലുകള്‍ കാണപ്പെട്ട 19 വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും മറ്റുബന്ധുക്കളുടെ വീടുകളിലാണ് കഴിയുന്നത്. 

ഡിസംബറില്‍ ഒരു വീട്ടില്‍ മാത്രമാണ് വിള്ളലുകള്‍ കണ്ടെതെങ്കില്‍ ഇപ്പോള്‍ പ്രദേശത്ത് നിരവധി വീടുകളിലാണ് വിള്ളലുകള്‍ കാണുന്നത്. ജില്ലാഭരണകൂടവും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധസംഘവും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ വിദഗ്ധ സമിതിയെ പ്രദേശത്തേക്ക് അയച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. 

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ വിശേഷ് മഹാജന്‍ പറഞ്ഞു. താത്രി മുനിസിപ്പല്‍ പ്രദേശത്തെ നായ് ബസ്തി ഗ്രാമത്തില്‍ അമ്പതോളം വീടുകളാണ് ഉള്ളത്. വിള്ളലുകള്‍ കാണപ്പെട്ട വീടുകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഭൂമി താഴാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്നും താത്രി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അതര്‍ അമീന്‍ പറഞ്ഞു. റോഡുകളുടെ നിര്‍മാണം, വെള്ളക്കെട്ട് തുടങ്ങിയ നിരവധി ഘടകങ്ങളാകാം ഭൂമി പിളരുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഉത്തരാഖണ്ഡില ചെറുപട്ടണമായ ജോഷിമഠില്‍ അറുന്നൂറിലേറെ വീടുകള്‍ക്കാണ് വിള്ളലുണ്ടായത്. കെട്ടിടങ്ങളില്‍ പലതും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണുള്ളത്. ബദ്രിനാഥ്, ഔല തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കെത്തവരുടെ പ്രധാന ഇടത്താവളമായിരുന്നു ജോഷിമഠ്. പ്രദേശത്തെ നിരവധി ഹോട്ടല്‍ കെട്ടിടങ്ങള്‍ ഇതിനോടകം പൊളിച്ചുമാറ്റിയിട്ടുണ്ട്. അശാസ്ത്രീയമായ നിര്‍മാണങ്ങളാണ് ജോഷിമഠിലെ ദുരന്തത്തിന് കാരണമായതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ജോഷിമഠിലെ 30 ശതമാനത്തോളം പ്രദേശത്തെ ഈ പ്രകൃതി ദുരന്തം ബാധിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com