ന്യൂഡൽഹി: അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നും അർബുദരോഗിയായ യാത്രക്കാരിയെ ഇറക്കിവിട്ടതായി പരാതി. മീനാക്ഷി സെൻഗുപ്ത എന്ന യാത്രക്കാരിയാണ് വിമാനത്തിനുള്ളിൽ ജീവനക്കാർ മോശമായി പെരുമാറിയെന്നും തന്നെ വിമാനത്തിനുള്ളിൽ നിന്നും ഇറക്കി വിട്ടതായും പരാതി നൽകിയത്.
അർബുദരോഗിയായ തനിക്ക് അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയാതിനെ തുടർന്ന് ഭാരം ഉയർത്താൻ പ്രയാസമുള്ളതിനാൽ സീറ്റിന് മുകൾവശത്തെ ക്യാബിനിൽ തന്റെ ഹാൻഡ്ബാഗ് വെക്കാൻ എയർഹോസ്റ്റസിനോട് സഹായം ആവശ്യപ്പെട്ടപ്പോൾ സഹായിക്കാൻ അവർ തയ്യാറായില്ലെന്നും പരുഷമായി പെരുമാറിയതായും മീനാക്ഷി സെൻഗുപ്ത പരാതിയിൽ പറയുന്നു. ജനുവരി 30ന് ഡൽഹിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള വിമാനത്തിലാണ് സംഭവം.
എയർഹോസ്റ്റസിനോട് ആരോഗ്യനിലയെ കുറിച്ച് പറഞ്ഞിരുന്നു. സഹായത്തിനായി മറ്റ് ജീവനക്കാരെ സമീപിച്ചപ്പോൾ അവരും ആവശ്യം അവഗണിച്ചു. ആവർത്തിച്ച് സഹായം ആവശ്യപ്പെട്ടപ്പോൾ അസൗകര്യമുണ്ടെങ്കിൽ വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായും മീനാക്ഷി ആരോപിച്ചു. നടക്കാൻ പ്രയാസമുള്ളതിനാൽ വീൽചെയർ ആവശ്യപ്പെട്ടപ്പോഴും വിമാന ജീവനക്കാർ അത് നിരസിച്ചുവെന്നും ഡൽഹി പൊലീസിനും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനും നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഗ്രൗണ്ട് സ്റ്റാഫ് തനിക്കാവശ്യമായ സഹായം നൽകിയതായും വിമാനത്തിൽ കയറാൻ സഹായിച്ചതായും അവർ പറഞ്ഞു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അമേരിക്കൻ എയർലൈൻസിനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ 
ജനുവരി 30 ന് ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാൻ കൂട്ടാക്കാതിരുന്ന ഒരു യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടതായി അമേരിക്കൻ എയർലൈൻസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ടിക്കറ്റ് തുക മടക്കി നൽകാനായി കസ്റ്റമർ റിലേഷൻസ് ടീം അവരെ സമീപിച്ചതായും പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും വിമാനക്കമ്പനി അറിയിച്ചു.
 
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
