മാധ്യമപ്രവര്‍ത്തക റാണാ അയൂബിന് നിര്‍ണായകം; സാമ്പത്തിക തട്ടിപ്പു കേസില്‍ സുപ്രീംകോടതി വിധി ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2023 07:32 AM |
Last Updated: 07th February 2023 07:32 AM | A+A A- |

റാണാ അയൂബ്/ എഎന്‍ഐ
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക റാണാ അയൂബിന് ഇന്ന് നിര്‍ണായകം. ഗാസിയാബാദ് കോടതിയുടെ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാണാ അയൂബ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. സമന്‍സ് അയക്കാന്‍ ഗാസിയാബാദ് കോടതിക്ക് അധികാരമില്ലെന്നാണ് റാണാ അയൂബ് വാദിക്കുന്നത്.
സാമ്പത്തിക തട്ടിപ്പുകേസിലാണ് റാണ അയൂബിനെതിരെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കോടതി സമന്‍സ് അയച്ചത്. ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്‍, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചേരി നിവാസികളുടേയും കോവിഡ് രോഗികളുടേയും സഹായത്തിനായി ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം ഫണ്ട് ശേഖരിക്കുകയും, പിന്നീട് നവി മുംബൈയിലെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നുമാണ് ആരോപണം.
മുംബൈയില്‍ വെച്ചാണ് കുറ്റം ചുമത്തിയതെന്ന് ആരോപിക്കപ്പെടുമ്പോള്‍, ഗാസിയാബാദ് പ്രത്യേക കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് റാണാ അയൂബ് വാദിക്കുന്നത്. ഒരു കോടിയോളം രൂപയുള്ള നവി മുംബൈയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറ്റാച്ച് ചെയ്തിരിക്കുകയാണെന്നും റാണാ അയൂബിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 നാണ് ഇഡിയുടെ കുറ്റപത്രം പരിഗണിച്ച് ഗാസിയാബാദിലെ പ്രത്യേക കോടതി റാണാ അയൂബിന് സമന്‍സ് അയച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ