ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീനുകൾ മുറിച്ചു; ഒരേ സമയം നാലു സ്ഥലങ്ങളിൽ കവർച്ച; നഷ്ടപ്പെട്ടത് 75 ലക്ഷം

തെളിവ് നശിപ്പിക്കാൻ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ; തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ വൻ എടിഎം കവർച്ച. ഇന്നലെ രാത്രിയിൽ നാല് എടിഎമ്മുകൾ ഒരേ സമയത്താണ് കൊള്ളയടിക്കപ്പെട്ടത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ചാണ് പണം കവർന്നത്. തെളിവ് നശിപ്പിക്കാൻ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു.

കൊള്ളയടിക്കപ്പെട്ട നാലു എടിഎമ്മുകളില്‍ മൂന്നെണ്ണം എസ്ബിഐയുടേയും ഒരെണ്ണം ഇന്ത്യ വണ്ണിന്റേയുമാണ്. മാരിയമ്മന്‍ കോവില്‍, തേനി മലൈ, പൊലൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേതാണ് എസ്ബിഐ എടിഎം. കലസപക്കത്താണ് ഇന്ത്യ വണ്‍ എടിഎം ഉണ്ടായിരുന്നത്. 

അർദ്ധരാത്രി ആളൊഴിഞ്ഞതിന് ശേഷം എടിഎം മെഷീനുകൾ സ്ഥാപിച്ച മുറികളിൽ കയറി ഷട്ടറിട്ടതിന് ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് മെഷീൻ മുറിച്ചത്. ആകെ എഴുപത്തിയ‌ഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. നാലിടത്തും കൊള്ളയ്ക്ക് ശേഷം എടിഎം മെഷീനും സിസിടിവി ക്യാമറകളും മോഷ്ടാക്കൾ കത്തിച്ചു.  കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളിൽ ഒരേ സമയം ഒരേ സ്വഭാവത്തിൽ കവർച്ച നടത്തിയത്. എടിഎം മെഷീനുകൾക്കും സിസിടിവിക്കും തീയിട്ടതിനാൽ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കണ്ടെത്താനായില്ല. ഫോറൻസിക് സംഘമെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. 

എടിഎം കവർച്ച അന്വേഷിക്കാൻ എസ്പി  കെ കാർത്തികേയന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീമിനെ നിയോ​ഗിച്ചു. സമീപ റോഡുകളിലേയും സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷനുകളും ഫോൺ വിളികളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com