മുന്നണി പ്രവേശനം ഉടന്‍?; തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കമല്‍ഹാസന്‍

ഈറോഡ് ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ഹാസന്‍
കമൽഹാസൻ/ഫയല്‍ ചിത്രം
കമൽഹാസൻ/ഫയല്‍ ചിത്രം


ചെന്നൈ: ഈറോഡ് ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. ഇന്ന് മണ്ഡലത്തിലെത്തുന്ന കമല്‍ഹാസന്‍, കോണ്‍ഗ്രസ് റാലികളില്‍ പങ്കെടുക്കും. നേരത്തെ, അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇവികെഎസ് ഇളങ്കോവന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കേയാണ് അദ്ദേഹം മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്. നേരത്തെ, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും കമല്‍ പങ്കെടുത്തിരുന്നു. 


2018ല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം, ആദ്യമായാണ് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടി കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. അഞ്ച് തെരഞ്ഞെടുപ്പ് റാലികളിലാണ് കമല്‍ പങ്കെടുക്കുന്നത്. സിറ്റിങ് എംഎല്‍എയും പെരിയാര്‍ ഇവി രാമസാമിയുടെ ചെറുമകനുമായ തിരുമഹന്‍ എവരയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തിരുമഹന്റെ പിതാവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇവികെഎസ് ഇളങ്കോവന്‍. നേരത്തെ, കമല്‍ഹാസനെ സന്ദര്‍ശിച്ച ഇളങ്കോവന്‍ പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. എഐഡിഎംകെയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികള്‍. സീമാന്റെ നാം തമിഴര്‍ കച്ചിയും വിജയകാന്തിന്റെ ഡിഎംഡികെയും മത്സര രംഗത്തുണ്ട്. 

മത, വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കണം എന്നാണ് തന്റെ രാഷ്ട്രീയമെന്ന് കമല്‍ഹാസന്‍ പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com