പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം, പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു; നാടകീയ രംഗങ്ങള്‍ -വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2023 02:28 PM  |  

Last Updated: 23rd February 2023 02:28 PM  |   A+A-   |  

pawan khera

പവന്‍ ഖേര/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര അറസ്റ്റില്‍. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരിച്ച പവന്‍ ഖേരയെ വിമാനത്തില്‍ നിന്നാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. പവന്‍ ഖേരയ്‌ക്കെതിരായ നടപടിയില്‍ വിമാനം പുറപ്പെടാന്‍ അനുവദിക്കാതെ, 50ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.ഇന്‍ഡിഗോ വിമാനത്തില്‍ ചെക്കിങ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്തത്. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് പവന്‍ ഖേര വിമാനത്താവളത്തില്‍ എത്തിയത്. 

പൊലീസിന്റെ നിര്‍ദേശം അനുസരിക്കുക മാത്രമായിരുന്നു എന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം. തുടക്കത്തില്‍ ബാഗേജുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടെന്നാണ് തന്നെ അറിയിച്ചതെന്ന് പവന്‍ ഖേര പറയുന്നു. തുടര്‍ന്ന് ഡിസിപി കാണാന്‍ വരുമെന്ന് പറഞ്ഞു. താന്‍ ദീര്‍ഘനേരം ഡിസിപിക്കായി കാത്തുനിന്നു. നിയമം നടപ്പാക്കുന്നതിന്റെ ഒരു ലക്ഷണവും അവിടെ കണ്ടില്ലെന്നും പവന്‍ ഖേര പറഞ്ഞു. അതിനിടെ കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍ , രണ്‍ദീപ് സുര്‍ജേവാല അടക്കമുള്ള നേതാക്കളും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി. തുടര്‍ന്ന് റണ്‍വേയില്‍ ആയിരുന്നു ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം.

വിവാദ പ്രസ്താവന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പവന്‍ ഖേരയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് വിശേഷിപ്പിച്ചിരുന്നു. ഗൗതം അദാനി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇത്. പരാമര്‍ശം വലിയ വിവാദമാവുകയും പവന്‍ ഖേരയ്ക്കെതിരേ കേസെടുക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

പനീര്‍ശെല്‍വത്തിനു തിരിച്ചടി, എടപ്പാടി ജനറല്‍ സെക്രട്ടറിയായി തുടരും; ഇടപെടില്ലെന്നു സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ