

മുംബൈ: ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും മറ്റ് എട്ട് പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി. ഇത് സംബന്ധിച്ച് എന്‍സിപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കൂടാതെ എംഎല്‍എമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും നേതൃത്വം ആലോപിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍
1999ല്‍ ശരദ്പവാര്‍ സ്ഥാപിച്ച എന്‍സിപിയെ വന്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ നെടുകെ പിളര്‍ത്തിയാണ് അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായത്. പവാറിന്റെ അടുത്ത വിശ്വസ്തരായ ഛഗന്‍ ഭുജ്ബല്‍ ഉള്‍പ്പെടെ 8 പേരും അജിത്തിനൊപ്പം ഷിന്‍ഡെ -ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിമാരായി.
അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ശരദ് പവര്‍ ബുധനാഴ്ച മുംബൈയില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഒരുതരത്തിലും എന്‍സിപി ഏകനാഥ് ഷിന്‍ഡെ-ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നില്ല. സര്‍ക്കാരിന് പിന്തുണ അറിയിച്ച് കത്തില്‍ ഒപ്പിട്ട എംഎല്‍എമാരില്‍ പലരും ആശയക്കുഴപ്പത്തിലാണെന്നും പാര്‍ട്ടി നേതാവ് ജയന്ത് പട്ടീല്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ ബിജെപിക്കൊപ്പം പോകണമെന്ന് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ പവാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത് അംഗീകരിച്ചിരുന്നില്ലെന്നും പാര്‍ട്ടി നിലപാടിന് വിരുദ്ധമായാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നാലു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് അജിത് ഉപമുഖ്യമന്ത്രിയാകുന്നത്. അടുത്തിടെ പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ച പ്രഫുല്‍ പട്ടേലും അജിത് ക്യാമ്പിലേക്കു പോയതു ശരദ് പവാറിനു ഞെട്ടലായി. 53 എന്‍സിപി എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാര്‍ അവകാശപ്പെട്ടു. എംഎല്‍എ ജിതേന്ദ്ര ആവാഡിനെ പുതിയ പ്രതിപക്ഷനേതാവും പാര്‍ട്ടി ചീഫ് വിപ്പുമായി ശരദ് പവാര്‍ പക്ഷം നിയോഗിച്ചു.
ഏറെക്കാലമായി ബിജെപിയോടു ചായ്വുള്ള അജിത്തിനെ തഴഞ്ഞു മകള്‍ സുപ്രിയ സുളെയെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ആക്കി പിന്‍ഗാമിയാക്കാന്‍ ശരദ് പവാര്‍ നടത്തിയ നീക്കത്തിനു പിന്നാലെയാണ് അജിത്തിന്റെ തിരിച്ചടി. ശിവസേനയെ പിളര്‍ത്തി ഷിന്‍െഡയുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ ഒന്നാം വാര്‍ഷികം പിന്നിട്ടു രണ്ടാം ദിവസമാണ് അതേ രീതിയില്‍ എന്‍സിപിയെയും പിളര്‍ത്തി സര്‍ക്കാരിന്റെ ഭാഗമാക്കിയത്.
ഇന്നലെ രാവിലെ തന്റെ വസതിയില്‍ എന്‍സിപി നേതാക്കളുടെ യോഗം അജിത് പവാര്‍ വിളിച്ചതോടെയാണ് അട്ടിമറിനീക്കം സജീവമായത്. സുപ്രിയ സുളെ പങ്കെടുത്തെങ്കിലും വൈകാതെ ഇറങ്ങിപ്പോയി. പുതുതായി മന്ത്രിമാരായ 9 പേരില്‍ അജിത് അടക്കം 5 പേരും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നവരാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates