പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന പേരിട്ടത് രാഹുല്‍; 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി, മുന്നണിയുടെ മുഖം ആരെന്ന് മുംബൈയില്‍ തീരുമാനം

വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്' എന്ന പേരു നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും/പിടിഐ
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും/പിടിഐ



ബെംഗളൂരു: വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്' എന്ന പേരു നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് എന്‍സിപി നേതാവ് ജിതേന്ദ്ര അഹ്‌വാദ്. രാഹുലിന്റെ സര്‍ഗാത്മകത വളരെയധികം പ്രശംസിക്കപ്പെട്ടു. എല്ലാ പാര്‍ട്ടികളും ആ പേര് അംഗീകരിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 'ഇന്ത്യ' എന്ന പേരില്‍ മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചെന്നും ജിതേന്ദ്ര അഹ്‌വാദ് ട്വീറ്റ് ചെയ്തു.

'നമുക്ക് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാം. നമുക്ക് ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാം' എന്നും ജിതേന്ദ്ര അഹ്‌വാദ് ട്വീറ്റില്‍ വ്യക്തമാക്കി. ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് സഖ്യത്തിന് പേരിട്ടത്. സഖ്യം എന്ന് അര്‍ത്ഥം വരുന്ന അലയന്‍സ് എന്ന പദം ഒഴിവാക്കി 'ഫ്രണ്ട്' (മുന്നണി) എന്ന് ചേര്‍ക്കണമെന്ന് ഇടത് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഭൂരിഭാഗം നേതാക്കളും നിലവില്‍ നിര്‍ദേശിച്ച പേര് മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. 

മുംബൈയില്‍ ചേരുന്ന മൂന്നാമത്തെ യോഗത്തില്‍ പതിനൊന്ന് അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ആരൊക്കെയാണ് സഖ്യത്തിന്റെ മുഖങ്ങള്‍ എന്ന് ഈ യോഗത്തില്‍ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് 'ഇന്ത്യയും നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടം ആയിരിക്കുമെന്ന്' രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലുണ്ടായ ചര്‍ച്ചകള്‍ ഫലപ്രദം ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎയ്ക്കും ബിജെപിക്കും ഇന്ത്യയെ വെല്ലുവിളിക്കാന്‍ സാധിക്കുമോയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു. 'ഞങ്ങള്‍ മാതൃരാജ്യത്തെ സ്നേഹിക്കുന്നു. ഞങ്ങളാണ് ശരിക്കുള്ള രാജ്യ സ്നേഹികള്‍. ഞങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി നിലകൊള്ളും'- മമത കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com