മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ന​ഗ്നരാക്കി നടത്തി ആൾക്കൂട്ടം, കൂട്ടബലാത്സം​ഗം ചെയ്തു; ഞെട്ടിക്കുന്ന വിഡിയോ പുറത്ത്, രൂക്ഷ വിമർശനം

കുക്കി വിഭാ​ഗത്തിൽപ്പെട്ട സ്ത്രീകളാണ് ക്രൂര പീഡനത്തിന് ഇരയായത്
വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
Updated on
1 min read

ഇംഫാൽ: കലാപം കത്തിനിൽക്കുന്ന മണിപ്പൂരിൽ നിന്ന് ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. രണ്ട് സ്ത്രീകളെ പൂർണ ന​ഗ്നരാക്കി നടത്തുന്ന ആൾക്കൂട്ടത്തിന്റെ വിഡിയോ ആണ് പുറത്തുവന്നത്. കുക്കി വിഭാ​ഗത്തിൽപ്പെട്ട സ്ത്രീകളാണ് ക്രൂര പീഡനത്തിന് ഇരയായത്. ഇവർ കൂട്ടബലാത്സം​ഗത്തിന് ഇരയായി. വിഡിയോയ്ക്കെതിരെ രോക്ഷം ഉയരുകയാണ്. 

തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്പോക്പി ജില്ലയിലാണ് മേയ് നാലിനാണ് അതിക്രൂരമായ സംഭവം നടന്നത്. കുക്കി സംഘടന ഐടിഎൽഎഫാണ് വിഡിയോ പുറത്തുവിട്ടത്. രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. 

മെയ്‍തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് യുവതികളെ ആക്രമിച്ചത് എന്നാണ് ഐടിഎൽഎഫ് ആരോപിക്കുന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുൻപ് മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു. അതിനിടെ വിഡിയോ പുറത്തുവന്നത് വൻ വിമർശനങ്ങൾക്ക് കാരണമായതോടെ പ്രതികരണവുമായി മണിപ്പൂർ പൊലീസ് മേധാവി രം​ഗത്തെത്തി. അക്രമികൾക്കെതിരെ കേസ് എടുത്തെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണ് എന്നുമാണ് വ്യക്തമാക്കിയത്. 

സംഭവത്തില്‍ പ്രതികരണവുമായി  കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രം​ഗത്തെത്തി. മണിപ്പൂരില്‍ നടന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് വിശേഷിപ്പിച്ച അവര്‍ സംഭവത്തെ അപലപിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻസിങ്ങുമായി താൻ സംസാരിച്ചുവെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞതായും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ കക്ഷികളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്.  പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരിൽ നിന്ന് വരുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.  കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നിൽക്കുന്നു. ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേ എന്നും പ്രിയങ്ക ചോദിച്ചു. വെറുപ്പ് മണിപ്പൂരിൽ വിജയിച്ചുവെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രദ്യോത് ദേബ് ബർമ്മൻ പറഞ്ഞു. രണ്ടു സമുദായങ്ങൾ തമ്മിലുള്ള ബന്ധം ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരട്ട എഞ്ചിൻ ഭീകരതയോട് മോദി  മൗനം പാലിക്കുന്നുവെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com