മണിപ്പൂരില്‍ സ്ത്രീകളുടെ പ്രതിഷേധം; ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു, വീണ്ടും സംഘര്‍ഷം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലില്‍ സ്ത്രീകള്‍ റോഡ് ബ്ലോക്ക് ചെയ്ത് നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലില്‍ സ്ത്രീകള്‍ റോഡ് ബ്ലോക്ക് ചെയ്ത് നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. ഗാരി മേഖലയിലാണ് സംഘര്‍ഷം രൂപപ്പെട്ടത്. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച സ്ത്രീകള്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാനായി സൈന്യവും രംഗത്തെത്തി. 

മെയ് മൂന്നു മുതല്‍ ആരംഭിച്ച വംശീയ കലാപത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്തതടക്കമുള്ള ക്രൂര സംഭവങ്ങള്‍, ഇന്റര്‍നെറ്റ് വിലക്ക് ഭാഗികമായി പിന്‍വലിച്ചതിന് പിന്നാലെയാണ് പുറംലോകമറിഞ്ഞത്. സ്ത്രീകളെ നഗ്നപരേഡ് ചെയ്യിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. യുംമ്ലെംബം യുങ്‌സിതോയ് (19) ആണ് പിടിയിലായത്.നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

അതിനിടെ, മെയ് നാലിന് രണ്ട് യുവതികളെ കൂട്ട ബലാത്സംഗം ചെയ്തു കൊന്നു എന്ന വിവരം കൂടി പുറത്തുവന്നു. കുക്കി വിഭാഗത്തില്‍പ്പെട്ട 21ഉം 24ഉം വയസുള്ള യുവതികളാണ് കൊല്ലപ്പെട്ടത്. ഇംഫാലിലെ കാര്‍ വാഷ് കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന യുവതികളെ ഇവിടെ നിന്നു വിളിച്ചിറക്കിയാണ് കലാപകാരികള്‍ ആക്രമിച്ചത്. കാങ്‌പൊക്പിയില്‍ നിന്നുള്ള യുവതികളാണ് മരിച്ചത്.

സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘമാണ് ആക്രമണത്തിനു പിന്നില്‍. യുവതികളെ ബലാത്സംഗം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് കലാപകാരികളുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീകളാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തു നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ക്രൂരമായ അതിക്രമത്തിന് ഇരയായ യുവതികളെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് ഇവരുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. പിറ്റേദിവസം ആശുപത്രിയില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്നും സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സംഭവത്തില്‍ മെയ് 16നു പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഈ കേസിലും പൊലീസിന്റെ അലംഭാവം ഞെട്ടിക്കുന്നതാണ്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രതികളെ പിടികൂടാനും പൊലീസിനു സാധിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com