രഹസ്യങ്ങളുടെ 'ചുവന്ന ഡയറി'യുമായി രാജസ്ഥാനിലെ പുറത്താക്കപ്പെട്ട മന്ത്രി; സഭാ കവാടത്തില്‍ തടഞ്ഞു; പൊട്ടിക്കരഞ്ഞ് രാജേന്ദ്ര സിങ് ഗുഡ

സ്പീക്കറുടെ ചേംബറിന് മുമ്പിലെത്തിയെങ്കിലും കൈയിലുള്ള 'ചുവന്ന ഡയറി'യിലെ രഹസ്യം വെളിപ്പെടുത്താന്‍ സാധിച്ചില്ല
രാജേന്ദ്ര സിങ് ​ഗുഡ/ എഎൻഐ
രാജേന്ദ്ര സിങ് ​ഗുഡ/ എഎൻഐ


ജയ്പൂര്‍:  സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ രാജേന്ദ്ര സിങ് ഗുഢയെ നിയമസഭാ കവാടത്തില്‍ വെച്ച് തടഞ്ഞു. അഴിമതിക്കെതിരെയുള്ള തെളിവുകള്‍ തന്റെ കൈവശമുള്ള 'ചുവന്ന ഡയറി'യിലുണ്ടെന്നും അത് സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് രാജേന്ദ്ര സിങ്  എത്തിയത്. സഭാ നടപടികള്‍ നടക്കുന്നതിനിടെയായിരുന്നു രാജേന്ദ്ര സിങ് ബലമായി സഭയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. 

സ്പീക്കറുടെ ചേംബറിന് മുമ്പിലെത്തിയെങ്കിലും കൈയിലുള്ള 'ചുവന്ന ഡയറി'യിലെ രഹസ്യം വെളിപ്പെടുത്താന്‍ സാധിച്ചില്ല. മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ സുഹൃത്ത് ധര്‍മേന്ദ്രസിങ് റാത്തോഡ് നടത്തിയ അഴിമതിയെ കുറിച്ചുള്ള വിവരങ്ങളാണ് ഡയറിയിലുള്ളതെന്നും,  മുഖ്യമന്ത്രിയുടെ യഥാര്‍ഥ മുഖം തുറന്നു കാണിക്കാന്‍ ഡയറിയിലെ നിര്‍ണായക വിവരങ്ങള്‍ സഹായിക്കുമെന്നും രാജേന്ദ്രസിങ് പറഞ്ഞു. 

30 ഓളം പേര്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നു. ചുവന്ന ഡയറി സഭയുടെ മേശപ്പുറത്ത് വെക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും, കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരുമടക്കം നിയമസഭയില്‍ നിന്നും തന്നെ വലിച്ചു പുറത്തിടുകയായിരുന്നുവെന്നും രാജേന്ദ്ര സിങ് സഭാകവാടത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ആരെല്ലാം പണം വാങ്ങി, ആര്‍ക്കെല്ലാം കൊടുത്തു തുടങ്ങി എല്ലാ വിവരങ്ങളും ഡയറിയിലുണ്ട്. ഡയറിയിലെ വിവരങ്ങള്‍ അന്വേഷിച്ചാല്‍ അശോക് ഗെഹലോട്ട് ജയിലിലാകുമെന്നും രാജേന്ദ്ര സിങ് പറഞ്ഞു. 

താന്‍ മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. താന്‍ എന്തിന് മാപ്പു പറയണം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെപ്പറ്റിയാണ് താന്‍ തുറന്നു പറഞ്ഞത് എന്നും രാജേന്ദ്ര സിങ് ഗുഡ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിച്ച് ബഹളം വെച്ചതോടെ സ്പീക്കര്‍ ഇടപെട്ട് നിയമസഭ  പിരിച്ചു വിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com