വാട്‌സ്ആപ്പ് സ്റ്റാറ്റസിടുന്നത് ഉത്തരവാദിത്വ ബോധത്തോടെ വേണം: ബോംബെ ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2023 08:58 AM  |  

Last Updated: 25th July 2023 09:10 AM  |   A+A-   |  

whatsapp

പ്രതീകാത്മക ചിത്രം

 

മുംബൈ: മതവിദ്വേഷം പരത്തുന്ന സന്ദേശം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതു സംബന്ധിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ തള്ളി ബോംബെ ഹൈക്കോടതി. വാട്‌സ്ആപ്പ് സ്റ്റാറ്റസിടുന്നത് വളരെ ഉത്തരവാദിത്വ ബോധത്തോടെയായിരിക്കണമെന്ന് ഹൈക്കോടതിയുടെ നാ​ഗ്പുർ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കിഷോർ ലാങ്കർ (27) എന്ന യുവാവിന്റെ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 

ഒരാൾ വാട്‌സ്ആപ്പ് സ്റ്റാറ്റസിടുന്നത് അയാളുമായി ബന്ധമുള്ളവരുടെ ഇടയിലേക്ക് ഒരു സന്ദേശം കൈമാറാൻ കൂടിയാണെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ വിനയ്ജോഷി, വാൽമീകി എസ് എ മെനസിസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. 

"ആളുകള്‍ എപ്പോഴും വാട്‌സ്ആപ്പ് സ്റ്റാറ്റസ് പരിശോധിച്ചുകൊണ്ടിരിക്കും. അത് ഒരു ചിത്രമോ വിഡിയോയോ അഥവാ നിങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന എന്തെങ്കിലും ആശയമോ ആയിരിക്കാം. ഇതിന്റെ ഉദ്ദേശം കോണ്ടാക്ട് ലിസ്റ്റിലുള്ള ആളുകളിലേക്ക് സന്ദേശം കൈമാറുകയെന്നതാണ്. അറിയുന്ന ആളുകളുമായി നടക്കുന്ന ഒരു ആശയവിനിമയം തന്നെയാണത്. അതുകൊണ്ട് ആളുകളുമായി എന്തെങ്കിലും ആശയം കൈമാറുമ്പോള്‍ ഉത്തരവാദിത്വബോധം കാണിക്കണം", കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പശ്ചിമഘട്ട സംരക്ഷണം: കരടു വിജ്ഞാപന കാലാവധി ഒരു വർഷംകൂടി നീട്ടി 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ