അവിശ്വാസ പ്രമേയം; പിന്തുണയ്ക്കേണ്ടെന്ന് വൈഎസ്ആർ കോൺ​ഗ്രസും ബിഎസ്പിയും; പ്രതിപക്ഷം ഇന്ന് കറുത്ത വസ്ത്രം ധരിച്ച് എത്തും

അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ 50 എംപിമാരുടെ പിന്തുണ വേണം. വൈഎസ്ആർ കോൺ​ഗ്രസിനു 22 എംപിമാരും ബിഎസ്പിക്ക് 10 എംപിമാരുമാണ് ഉള്ളത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡൽഹി: കേ​ന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്നു ബിഎസ്പി, വൈഎസ്ആർ കോൺ​ഗ്രസ് കക്ഷികളുടെ തീരുമാനം. ഡൽഹി ഓർഡിനൻസിനു പകരമുള്ള ബില്ലിനു ശേഷം മണിപ്പൂർ വിഷയത്തിൽ ചർച്ചയാകാമെന്ന നിലപാടിലാണ് കേന്ദ്രം. 

അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ 50 എംപിമാരുടെ പിന്തുണ വേണം. വൈഎസ്ആർ കോൺ​ഗ്രസിനു 22 എംപിമാരും ബിഎസ്പിക്ക് 10 എംപിമാരുമാണ് ഉള്ളത്. 

അതിനിടെ വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ എത്തുക കറുത്ത വസ്ത്രം ധരിച്ചായിരിക്കും. രാവിലെ മല്ലികാർജുൻ ഖാർ​ഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ യോ​ഗം ചേരും. 

മണിപ്പൂര്‍ കലാപം, സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി നിരാകരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ അംഗീകരിച്ചിരുന്നു. 

കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്‍ ഉള്‍പ്പെടാത്ത ബിആര്‍എസിന്റെ നമോ നാഗേശ്വര റാവുവുമാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്. എല്ലാ പാര്‍ട്ടി നേതാക്കളുമായും സംസാരിച്ച ശേഷം അവിശ്വാസ നോട്ടീസിന്മേല്‍ ചര്‍ച്ചയുടെ തീയതി തീരുമാനിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com