രാഹുല്‍ എന്ന് വിവാഹം കഴിക്കും?; സ്ത്രീകളുടെ ചോദ്യം, 'നിങ്ങള്‍ തന്നെ ഒരു പെണ്‍കുട്ടിയെ കണ്ടെത്തൂ' എന്ന് സോണിയ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th July 2023 03:09 PM  |  

Last Updated: 31st July 2023 12:04 PM  |   A+A-   |  

sonia-rahul

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

രാഹുല്‍ ഗാന്ധിയുടെ വിവാഹം എന്നു നടക്കുമെന്ന് സ്ത്രീകള്‍, 'നിങ്ങള്‍തന്നെ പെണ്‍കുട്ടിയെ കണ്ടെത്തി തരൂ എന്ന്' സോണിയ ഗാന്ധി. ഹരിയാനയിലെ വനിതാ കര്‍ഷകര്‍ക്ക് വേണ്ടി സോണിയ ഗാന്ധി ഡല്‍ഹിയില്‍ ഒരുക്കിയ വിരുന്നിനിടെയാണ് രാഹുലിന്റെ വിവാഹ കാര്യം ചര്‍ച്ചയായത്. സോനിപതിലെ വനിതാ കര്‍ഷകരെ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സംഘം സ്ത്രീകള്‍ ഡല്‍ഹിയില്‍ എത്തിയത്. 

'രാഹുലിനെ വിവാഹം കഴിപ്പിക്കൂ' എന്നായിരുന്നു ഒരു സ്ത്രീ സോണിയ ഗാന്ധിയോട് പറഞ്ഞത്. നിങ്ങള്‍ തന്നെ ഒരു പെണ്‍കുട്ടിയെ കണ്ടെത്തൂ എന്ന് സോണിയ മറുപടി നല്‍കി.  'അത് നടക്കും ' എന്നായിരുന്നു കേട്ടുനിന്ന രാഹുലിന്റെ മറുപടി. 

ഇവര്‍ക്കൊപ്പമിരുന്ന് രാഹുല്‍ ഭക്ഷണം കഴിച്ചു. എല്ലാവര്‍ക്കും ഭക്ഷണം ഇഷ്ടമായോ എന്ന് രാഹുല്‍ സ്ത്രീകളോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിക്കാലത്ത് തന്നെക്കാള്‍ വികൃതി ആയിരുന്നു രാഹുല്‍ എന്നും എന്നാല്‍ ഏറ്റവും കൂടുതല്‍ വഴക്ക് കിട്ടിയത് തനിക്കാണെന്നും പ്രിയങ്ക ഗാന്ധി കര്‍ഷകരോട് പരിഭവം പറഞ്ഞു. 

 

ജൂലൈ എട്ടിന് ഹരിയാനയിലൂടെ കടന്നുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു. പാടത്തിറങ്ങി ഞാറുനട്ട അദ്ദേഹം, ഹരിയാനയിലെ അമ്മമാരെ ഡല്‍ഹി കാണാന്‍ കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു. തങ്ങള്‍ ഡല്‍ഹി കണ്ടിട്ടില്ലെന്ന കര്‍ഷക സ്ത്രീകളുടെ വെളിപ്പെടുത്തലിന് മറുപടിയായി ആയിരുന്നു രാഹുല്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാം എന്ന് വാക്കുകൊടുത്തത്. 

ചില വിശിഷ്ടാതിഥികള്‍ എത്തിയതിനാല്‍ എനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ദിവസം. സോനിപതിലെ കര്‍ഷകര സഹോദരിമാരുടെ ഡല്‍ഹി സന്ദര്‍ശനം. പിന്നീട് അവരോടൊപ്പം വീട്ടില്‍ ഭക്ഷണവും കുറച്ചുനേരം സംസാരിക്കാനും സാധിച്ചു'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വീട്ടിലുണ്ടാക്കിയ അച്ചാറുകളും നേയ്യും സഹോദരിമാര്‍ സമ്മാനം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ കൃഷ്ണഗിരിയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു മരണം; ഇരുപതോളം പേര്‍ക്കു പരിക്ക് 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ