'അവര്‍ തകര്‍ത്തതാണ്' ; ബിഹാറിലെ പാലം പൊളിഞ്ഞുവിണതില്‍ ബിജെപിക്കെതിരെ ആര്‍ജെഡി

'ഞങ്ങള്‍ പാലം പണിയുകയാണ് അവര്‍ അത് പൊളിക്കുകയാണ്'- തേജ് പ്രതാപ് പറഞ്ഞു.
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പട്‌ന: ബിഹാറില്‍ ഗംഗാ നദിക്കു കുറുകേ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി ആര്‍ജെഡി. പാലം തകര്‍ത്തത് ബിജെപിയാണെന്ന് ആര്‍ജെഡി നേതാവും മന്ത്രിയുമായ തേജ് പ്രതാപ് പറഞ്ഞു. 'ഞങ്ങള്‍ പാലം പണിയുകയാണ് അവര്‍ അത് പൊളിക്കുകയാണ്'- തേജ് പ്രതാപ് പറഞ്ഞു.

അതേസമയം, പാലത്തിന്റെ തകര്‍ച്ച ജനരോഷത്തിന് കാരണമായിട്ടുണ്ട്. പാലം തകര്‍ന്നതിന് പിന്നാലെ രണ്ട് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭഗല്‍പുര്‍ ജില്ലയിലെ സുല്‍ത്താന്‍ഗഞ്ജ് - ഖഗരിയ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്‌. 2014-ല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തറക്കല്ലിട്ട പാലമാണിത്. ഒന്നിനു പിറകെ ഒന്നെന്ന രീതിയില്‍ പാലത്തിന്റെ രണ്ട് ഭാഗങ്ങള്‍ തകര്‍ന്നെങ്കിലും ആര്‍ക്കും ജീവനാശമോ പരിക്കോ ഇല്ല. 1,717 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച നാലുവരിപ്പാലമായിരുന്നു. പാലം തകരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചു.

നേരത്തേ ശക്തമായ കാറ്റും മഴയും കാരണം ഒരുതവണ ഈ പാലം തകര്‍ന്നതാണ്. 2022 ഏപ്രിലിലായിരുന്നു അത്. അന്നുതന്നെ നിര്‍മാണം സംബന്ധിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നിരുന്നെങ്കിലും കമ്പനിക്കെതിരേ ഒരു നടപടിയുമുണ്ടായില്ല. പകരം കമ്പനിക്ക് കൂടുതല്‍ സമയം അനുവദിച്ചുനല്‍കുകയായിരുന്നു.

2014-ല്‍ നിര്‍മാണം തുടങ്ങിയ പാലം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 2015-ല്‍ നിര്‍മാണോദ്ഘാടനം നടത്തി. 2019-ല്‍ പൂര്‍ത്തിയാകുമെന്ന് കരുതിയെങ്കിലും 25 ശതമാനംപോലും പണി കഴിഞ്ഞില്ല. പിന്നെ 2020-ലും 2022-ലും പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. ഇക്കാലയളവിനിടെ എട്ടുതവണയാണ് പാലത്തിന്റെ പണി നിര്‍ത്തിവെച്ചത്. അതേസമയം കാലതാമസത്തിന് നിര്‍മാണക്കമ്പനിക്ക് പിഴ ചുമത്തുന്നതിനു പകരം സമയം നീട്ടിനീട്ടി നല്‍കുകയായിരുന്നു.  പണി ഇഴഞ്ഞുനീങ്ങുകയും തകര്‍ച്ചകള്‍ നേരിടുകയും ചെയ്ത പശ്ചാത്തലത്തില്‍, അഴിമതിയാരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. നിതീഷിന്റെ ഭരണത്തില്‍ സവര്‍വത്ര അഴിമതിയാണെന്നതിന്റെ ഉദാഹരണമാണ് പാലം തകര്‍ച്ചയെന്നായിരുന്നു ബിജെപിയുടെ ആരോപണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com