'ട്വിറ്റര്‍ പൂട്ടിക്കും, ജീവനക്കാരുടെ വീട്ടില്‍ റെയ്ഡ് നടത്തും'; കേന്ദ്രസര്‍ക്കാര്‍ ഭീഷണി മുഴക്കിയെന്ന് മുന്‍ സിഇഒ, തികഞ്ഞ നുണയെന്ന് മന്ത്രി

കേന്ദ്രസര്‍ക്കാരിന് എതിരെ ഗുരുതര ആരോപണവുമായി ട്വിറ്റര്‍ മുന്‍ സിഇഒ ജാക് ഡോര്‍സി
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി
Updated on
1 min read

കേന്ദ്രസര്‍ക്കാരിന് എതിരെ ഗുരുതര ആരോപണവുമായി ട്വിറ്റര്‍ മുന്‍ സിഇഒ ജാക് ഡോര്‍സി. ട്വിറ്റര്‍ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ ഭീഷണി മുഴക്കി. കര്‍ഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും സമ്മര്‍ദ്ദമുണ്ടായതായി ഡോര്‍സി പറഞ്ഞു. 

'നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ഓഫിസുകള്‍ ഞങ്ങള്‍ പൂട്ടും. നിങ്ങളുടെ ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തുമെന്നും അവര്‍ പറഞ്ഞു. ഇതാണ് ജനാധിപത്യ രാജ്യമായ ഇന്ത്യ'- ഡോര്‍സി പറഞ്ഞു. യൂട്യൂബ് ചാനല്‍ ആയ ബ്രേക്കിങ് പൊയിന്റിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിന് എതിരെ ഡോര്‍സി വിമര്‍ശനം നടത്തിയത്. 

തുര്‍ക്കി പെരുമാറിയത് പോലെയാണ് ഇന്ത്യന്‍ ഭരണകൂടവും പെരുമാറിയത്. ട്വിറ്റര്‍ പൂട്ടിക്കുമെന്ന് തുര്‍ക്കി സര്‍ക്കാരും ഭീഷണി മുഴക്കിയിരുന്നു. കോടതിയില്‍ പോയി പോരാട്ടം നടത്തിയാണ് തുര്‍ക്കി സര്‍ക്കാരിനെ തോല്‍പ്പിച്ചത്. -ഡോര്‍സി പറഞ്ഞു. 

അതേസമയം, ട്വിറ്റര്‍ മുന്‍ സിഇഒയുടെ വെളിപ്പെടുത്തലുകള്‍ തള്ളി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. 'ഇതൊരു തികഞ്ഞ നുണയാണ്. ട്വിറ്റര്‍ ചരിത്രത്തിലെ ഏറ്റവും സംശയാസ്പദമായ കാലത്തെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. ട്വിറ്റര്‍ ഡോര്‍സിയുടെ കീഴിലായിരുന്ന സമയത്ത് ഇന്ത്യയില്‍ നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയിരുന്നു. 2020 മുതല്‍ 2022വരെ അവര്‍ നിയമം പാലിച്ചിട്ടില്ല. 2022 ജൂണില്‍ മാത്രമാണ് ഇന്ത്യയിലെ നിയമങ്ങളുമായി സഹകരിക്കാന്‍ ട്വിറ്റര്‍ തയ്യാറായത്'.- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ആരും ജയിലില്‍ പോവുകയോ ട്വിറ്റര്‍ അടച്ചുപൂട്ടുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരം അംഗീകരിക്കുന്നതിന് ഡോര്‍സിയുടെ ട്വിറ്ററിന് പ്രശ്‌നമുണ്ടായിരുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ അതിന് ബാധകമല്ല എന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും നിയമം പാലിക്കണമെന്ന നിര്‍ബന്ധമുള്ള പരമാധികാര രാഷ്ട്രമാണ് ഇന്ത്യ. 2021ലെ സമരത്തിന്റെ സമയത്ത് (കര്‍ഷക സമരം) നിരവധി തെറ്റായ വിവരങ്ങളാണ് പ്രചരിക്കപ്പെട്ടത്. കൂട്ടക്കൊല നടന്നു എന്ന തരത്തില്‍ വരെ പ്രചാരണം നടന്നു.

വ്യാജ വാര്‍ത്തകളെ അടിസ്ഥാനമാക്കി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്ലാറ്റ്ഫോമില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു. യുഎസില്‍ ഇത്തരത്തിലുള്ള ചില പ്രശ്‌നങ്ങള്‍ നടന്നപ്പോള്‍ അവര്‍ തന്നെ വ്യാജ വാര്‍ത്തകള്‍ നീക്കം ചെയ്തു. എന്നാല്‍ ഇന്ത്യയില്‍ ജാക് ഡോര്‍സിയുടെ നേതൃത്വത്തിലുള്ള ട്വിറ്ററിന് വ്യാജവാര്‍ത്ത നീക്കം ചെയ്യുന്നത് പ്രശ്‌നമായി. ഇതാണ് അവരുടെ ഇരട്ടത്താപ്പ്. ആരേയും റെയ്ഡ് നടത്തുകയോ ജയിലിലേക്ക് അയക്കുകയോ ചെയ്തില്ല. ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം'.-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com