വീണ്ടും വിമാനങ്ങൾ റദ്ദാക്കി; ജൂൺ 28വരെ സർവീസ് നടത്തില്ലെന്ന് ​ഗോ ഫസ്റ്റ്

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക്  മുഴുവൻ പണവും മടക്കി നൽകുമെന്നും ഗോ ഫസ്റ്റ്
ഗോ ഫസ്റ്റ് എയർലൈൻ, ഫയല്‍ ചിത്രം
ഗോ ഫസ്റ്റ് എയർലൈൻ, ഫയല്‍ ചിത്രം

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. ജൂൺ 28 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ജൂൺ 25 ന് സർവീസുകൾ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മേയ് 3 മുതൽ ​ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. 

ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക്  മുഴുവൻ പണവും മടക്കി നൽകുമെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. പ്രതിസന്ധികൾ കമ്പനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടൻ ബുക്കിംഗ് പുനരാരംഭിക്കാൻ കഴിയും എന്ന് ഗോ ഫസ്റ്റ് പറഞ്ഞു. 

കമ്പനിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ 425 കോടി രൂപ വേണമെന്നാണ് റിപ്പോർട്ടുകൾ‌. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്കും പൈലറ്റുമാർക്കും പ്രതിഫലം നൽകാൻ സാധിച്ചിട്ടില്ല. മെയ് ആദ്യം എയർലൈൻ ഓപ്പറേറ്റർ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നൽകിയിരുന്നു.  ജൂൺ അവസാനത്തോടെ കാരിയറിന് ഫ്ലൈറ്റ് പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ശൈലേന്ദ്ര അജ്മേരയെ ഗോ ഫസ്റ്റ് റെസല്യൂഷൻ പ്രൊഫഷണലായി നിയമിക്കുന്നതിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അനുമതി നൽകിയ സാഹചര്യത്തിലാണ് സൂചന. ഈ മാസം ആദ്യം, എയർലൈൻ ഡിജിസിഎയ്ക്ക് ഒരു പുനരുജ്ജീവന പദ്ധതി സമർപ്പിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com