മണിപ്പൂരില്‍ മന്ത്രിയുടെ ഗോഡൗണ്‍ കത്തിച്ചു; വീടിന് തീ കൊളുത്താന്‍ ശ്രമം

മന്ത്രിയുടെ വസതിക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തടയാനായതായി പൊലീസ്
അക്രമികള്‍ കത്തിച്ച മന്ത്രിയുടെ ഗോഡൗണ്‍/ പിടിഐ
അക്രമികള്‍ കത്തിച്ച മന്ത്രിയുടെ ഗോഡൗണ്‍/ പിടിഐ


ഇംഫാല്‍: സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍. ചിംഗേരലില്‍ മന്ത്രി എല്‍ സുസിന്ദ്രോയുടെ സ്വകാര്യ ഗോഡൗണ്‍ ഒരുവിഭാഗം കത്തിച്ചു. അദ്ദേഹത്തിന്റെ വസതിക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അത് തടയാനായതായി പൊലീസ് അറിയിച്ചു.

ആള്‍ക്കൂട്ടം ഇന്നലെ അര്‍ധരാത്രി മന്ത്രിയുടെ വസതിക്ക് നേരെ അക്രമണം അഴിച്ചുവിട്ടതോടെ സുരക്ഷാസേന നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ജൂണ്‍ പതിനാലിന് മന്ത്രി നെംച കിപ്ജെന്റെ വസതി അക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം കേന്ദ്രമന്ത്രി ആര്‍കെ രഞ്ജന്‍ സിങ്ങിന്റെ വീടിനുനേരെ ആക്രമണം നടത്തുകയും തിയിട്ട്് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ നൂറിലേറേ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മണിപ്പൂരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. രാജ്യതലസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. അതേസമയം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ യോഗത്തില്‍ പങ്കെടുക്കില്ല. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉള്ളതിനാലാണ് ശരദ് പവാര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. പവാറിന് പകരം എന്‍സിപി ജനറല്‍ സെക്രട്ടറി നരേന്ദ്ര വര്‍മയും മണിപ്പൂര്‍ എന്‍സിപി അധ്യക്ഷന്‍ സോറന്‍ ഇബോയ്മ സിംഗും യോഗത്തില്‍ പങ്കെടുക്കും. 

മെയ് മൂന്നിന് മണിപ്പൂരില്‍ ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും അവസാനിച്ചിട്ടില്ല.മെയ് 3 ന് മെയ്തികളെ പട്ടികവര്‍ഗ്ഗ  ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച റാലിക്കിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് അക്രമം തുടങ്ങിയത്. സമാധാന ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ജൂണ്‍ 25 വരെ അഞ്ച് ദിവസം കൂടി നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന അസ്വസ്ഥത കണക്കിലെടുത്ത് ഡാറ്റ സേവനങ്ങളും നിരോധിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com