

മണിപ്പൂര്‍: മണിപ്പൂരില്‍ സൈന്യത്തെ വളഞ്ഞ് വന്‍ ജനക്കൂട്ടം. സൈന്യം പിടികൂടിയ പന്ത്രണ്ട് സായുധ ഗ്രൂപ്പ് അംഗങ്ങളെ ആള്‍ക്കൂട്ടം മോചിപ്പിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള 1500 ഓളം വരുന്ന ആള്‍ക്കൂട്ടമാണ് സൈന്യത്തെ തടഞ്ഞത്. സംഘര്‍ഷമൊഴിവാക്കാന്‍ കൂടുതല്‍ ബലപ്രയോഗത്തിന് മുതിരാതെ പിന്‍വാങ്ങുകയായിരുന്നെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ജനക്കൂട്ടം സൈന്യത്തെ തടയുന്നതിന്റെ വീഡിയോയും കരസേന പുറത്തുവിട്ടു. സൈന്യത്തിന്റെ മാനുഷിക മുഖം കാണിക്കുന്ന പക്വമായ തീരുമാനമെടുത്തതിന് ഓപ്പറേഷന്റെ ചുമതലയുണ്ടായിരുന്ന കമാന്‍ഡറെ കരസേന അഭിനന്ദിച്ചു
കെവൈകെഎല്‍ സംഘമാണ് 2015ല്‍ സൈന്യത്തിന്റെ 6 ഡോഗ്ര യൂണിറ്റിനുനേര്‍ക്ക് ആക്രമണം നടത്തിയത്. അതേസമയം, സൈന്യത്തെ വളഞ്ഞവരില്‍ 1500ല്‍പരം ജനങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വനിതകളാണ് ഈ സംഘത്തെ നയിച്ചത്. ദോഗ്ര ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സ്വയം പ്രഖ്യാപിത ലഫ്. കേണല്‍ മൊയ്‌റംഗ്തം താംബ എന്നയാളെയും സൈന്യം പിടികൂടിയിരുന്നു. ഇയാളെയും വിട്ടുകൊടുക്കേണ്ടിവന്നു.
ഇന്നലെ ഇംഫാല്‍ ഈസ്റ്റില്‍ മന്ത്രി എല്‍ സുസിന്ദ്രോയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണ്‍ കലാപകാരികള്‍ കത്തിച്ചു. മന്ത്രിയുടെ വീടും മറ്റൊരു കെട്ടിടവും തീവയ്ക്കാന്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. വീട് തീയിടാനെത്തിയ ജനക്കൂട്ടത്തെ കണ്ണീര്‍വാതക ഷെല്ലുകള്‍ ഉപയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത്. വംശീയകലാപം തുടരുന്ന സംസ്ഥാനത്ത് മന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ക്കുമെതിരേ പലവട്ടം അക്രമം നടന്നിട്ടുണ്ട്.
വിദേശകാര്യസഹമന്ത്രി രഞ്ജന്‍ സിങ്ങിന്റെയും സംസ്ഥാനത്തെ വനിതാ മന്ത്രി നെംച കിപ്‌ഗെനിന്റെയും വീടുകള്‍ക്കു നേരത്തെ തീയിട്ടിരുന്നു.മണിപ്പുര്‍ പൊലീസ് ട്രെയ്‌നിങ് കോളജിലെ ആയുധ ഡിപ്പോയില്‍നിന്ന് ആയുധങ്ങള്‍ മോഷണം പോയത് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ കഴിഞ്ഞ ദിവസം രണ്ടായിരത്തോളം വരുന്ന മെയ്‌തെയ് വനിതകള്‍ തടഞ്ഞു. സിബിഐ സംഘം മടങ്ങിപ്പോയി. അയ്യായിരത്തോളം യന്ത്രത്തോക്കുകളാണ് മെയ്‌തെയ് സംഘടനകള്‍ കവര്‍ന്നത്. പൊലീസ് തന്നെ തോക്കുകള്‍ ഇവര്‍ക്കു കൊടുക്കുകയായിരുന്നുവെന്നും പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates