അതിമനോഹരമായ താഴ്വര; കാണാതായത് 1078 പേരെ, നിഗൂഢതകൾ നിറഞ്ഞ പാർവതി വാലി

പാര്‍വതി വാലിയുടെ ഭംഗിയില്‍ ആകൃഷ്ടരായി വന്നവരില്‍ ഭൂരിഭാഗം പേരെയും കാണാതാവുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് ഈ നിഗൂഢതയുടെ പിന്നില്‍?
എന്താണ് പാര്‍വതി വാലിയുടെ നിഗൂഢതയുടെ പിന്നില്‍?
എന്താണ് പാര്‍വതി വാലിയുടെ നിഗൂഢതയുടെ പിന്നില്‍?

തെളിഞ്ഞൊഴുകുന്ന പാര്‍വതി നദി. രണ്ടുവശത്തും ദേവദാരു മരങ്ങള്‍, മഞ്ഞു പുതച്ച മലനിരകള്‍...അതി മനോഹരമാണ് പാര്‍വതി താഴ്വര. പക്ഷേ എത്തുന്നവരെ കാത്തിരിക്കുന്നത് മരണവും. ഹിമാചല്‍ പ്രദേശിലെ കുളു മണാലിയിലെ പാര്‍വതി വാലിയുടെ ഭംഗിയില്‍ ആകൃഷ്ടരായി വന്നവരില്‍ ഭൂരിഭാഗം പേരെയും കാണാതാവുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് ഈ നിഗൂഢതയുടെ പിന്നില്‍?

പാര്‍വതി വാലിയില്‍ നിന്ന് ടൂറിസ്റ്റുകളെ കാണാതായതിന്റെ അവസാന വാര്‍ത്ത പുറത്തുവന്നത് 2023 പുതുവര്‍ഷത്തിലാണ്. ന്യൂ ഇയര്‍ ആഘോഷിക്കാനായി പാര്‍വതി വാലിയിലെത്തിയ 27കാരനായ ഗാസിയബാദ് സ്വദേശിയെ കാണാതായി. 35 ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തി.

ടൂറിസ്റ്റുകള്‍ സ്ഥിരമായി എത്തുന്ന മേഖലയാണ് കസോള്‍. ഡിസംബര്‍ 31ന് ശേഷം ഇയാള്‍ എങ്ങോട്ടു പോയെന്ന് ആര്‍ക്കും ഒരു വിവരവുമില്ലായിരുന്നു. യുവാവിനെ കണ്ടെത്താനായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മകനെ കണ്ടെത്തുന്നവര്‍ക്ക് പിതാവ് അഞ്ചു ലക്ഷം രൂപ പാരിതോഷികം വരെ പ്രഖ്യാപിച്ചു. എന്നാല്‍ തെരച്ചില്‍ വിഫലമായി. പാര്‍വതി വാലിയില്‍ നിന്ന് അഴുകിയ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുഎസ് പൗരനായ ജസ്റ്റിന്‍ അലക്സാണ്ടറിന്റെ തിരോധാനമാണ് ഏറ്റവും കോളിളക്കമുണ്ടാക്കിയ കേസ്. മണികരണ്‍ താഴ്വരയില്‍ നിന്നാണ് മികച്ച ട്രക്കര്‍ ആയിരുന്ന ജസ്റ്റിനെ കാണാതായത്. മകനെ തേടി മണാലിയില്‍ എത്തിയ അദ്ദേഹത്തിന്റെ അമ്മ, മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനോട് പോലും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഒരു സ്വകാര്യ വിമാനത്തില്‍ മലനിരകളില്‍ തെരച്ചില്‍ നടത്തിയ ജസ്റ്റിന്റെ അമ്മയ്ക്ക് പക്ഷേ, നിരാശയായിരുന്നു ഫലം.
 

പൊലീസ് രേഖകള്‍ പ്രകാരം, 2003നും 2023നും ഇടയില്‍ 1078 പേരെയാണ് പാര്‍വതി വാലിയില്‍ നിന്ന് കാണാതയത്. 21പേര്‍ വിദേശികളാണ്. ഇതില്‍ 498പേരെ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, പാര്‍വതി താഴ്വരയിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഈ കാലയളവ് ഒഴിച്ചാല്‍, മിസ്സിങ് കേസുകള്‍ ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. 2022ല്‍ 227പേരെയാണ് കാണാതായത്. നിഗൂഢമായ മലനിരകളും അമിതമായ ലഹരി ഉപയോഗവുമാണ് കാണാതാകലുകള്‍ക്ക് പിന്നില്‍ എന്നാണ് വിലയിരുത്തല്‍.

ഹെറോയിന്‍ അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ സുലഫമാണ് താഴ്വരയില്‍. എന്നാല്‍ ലഹരി ഉപയോഗമാണ് കാണാതാകലുകള്‍ക്ക് പിന്നിലെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല. അപകടകരമായ സ്ഥലങ്ങള്‍ ഒുപാടുള്ള മേഖലയാണ് ഇത്. സുരക്ഷാ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ആളുകള്‍ ഇവിടെ ടെന്റുകളടിച്ച് താമസിക്കാറുണ്ട്. ഇതാണ് കൂടുതലും അപകടങ്ങള്‍ക്ക് കാരണമെന്നാണ് കുളു പൊലീസ് പറയുന്നത്.

താഴ്വരയിലെ ദുരൂഹതയെ മുന്‍നിര്‍ത്തി ' ഹൈ ഓണ്‍ കസോള്‍' എന്ന നോവല്‍ എഴുതിയ ആദിത്യ കാന്ത് ശര്‍മ പറയുന്നത് മേഖലയിലെ മയക്കു മരുന്ന് ഉപയോഗം വന്‍തോതിലുണ്ട് എന്നാണ്.
 


തൊഴിലില്ലായ്മ രൂക്ഷമായി ബാധിച്ച ഈ മേഖലയിലെ യുവാക്കള്‍ മയക്കുമരുന്ന് ബിസിനസിലേക്ക് വന്‍തോതില്‍ കടന്നിട്ടുണ്ട്. മലാനയും ചരസും ഉപയോഗിക്കുന്നത് ഹിമാലയന്‍ മേഖലയില്‍ സാധാരണമാണ്. മലാന ക്രീമിന് പുറം രാജ്യങ്ങളിലടക്കം ആവശ്യക്കാര്‍ ഏറെയാണ്. പത്ത് ഗ്രാമിന് 3,000 മുതല്‍ 4,000 വരെയാണ് വില ഈടാക്കുന്നത്. ലഹരി ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുമ്പോഴും കഞ്ചാവ് ഉപയോഗം നിയമപരമാക്കണം എന്നാണ് കുളുവിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com