ഇനി മിസോറം മാത്രം; ബിജെപിയുടെ വടക്ക് കിഴക്കന്‍ പ്രയാണം, മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിക്കുന്ന വിജയതന്ത്രം

ത്രിപുരയിലും നാഗാലാന്‍ഡിലും തുടര്‍ ഭരണം ഉറപ്പിച്ചതോടെ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലുറപ്പിച്ചിരിക്കുകയാണ് ബിജെപി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ത്രിപുരയിലും നാഗാലാന്‍ഡിലും തുടര്‍ ഭരണം ഉറപ്പിച്ചതോടെ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലുറപ്പിച്ചിരിക്കുകയാണ് ബിജെപി.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍, എന്‍പിപിയേയും മറ്റു കക്ഷികളേയും ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. അസമില്‍ തുടങ്ങിയ വടക്ക് കിഴക്കന്‍ പ്രയാണത്തില്‍, ഇനി ബിജെപിക്ക് മുന്നിലുള്ളത് മിസോറം മാത്രം.

 2016ല്‍ അസം തൂത്തുവാരിക്കൊണ്ടായിരുന്നു ബിജെപിയുടെ നോര്‍ത്ത് ഈസ്റ്റിലേക്കുള്ള കടന്നുവരവ്. 2014ല്‍ അരുണാചലില്‍ പ്രതിപക്ഷത്തിരുന്ന ബിജെപി,  2019ല്‍ അധികാരത്തിലെത്തി. മുഖ്യമന്ത്രി പ്രേമാഖണ്ഡു കോണ്‍ഗ്രസ് പാളയം വിട്ടതോടെയായിരുന്നു ബിജെപിക്ക് അരുണാചലില്‍ താമര വിരിയിക്കാന്‍ അവസരമൊരുങ്ങിയത്. 

2017ല്‍ കോണ്‍ഗ്രസ് വിട്ടുവന്ന ബിരേന്‍ സിങ്ങിന്റെ ബലത്തില്‍ മണിപ്പൂരിലും അക്കൗണ്ട് തുറന്നു. 2022 നിയമസഭ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തി. 2018ലാണ് ത്രിപുരയിലേക്ക് ബിജെപി കടന്നുവരുന്നത്. 25 വര്‍ഷം നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് താമര വിരിയിച്ചു. മേഘാലയയിലും നാഗാലാന്‍ഡിലും സിക്കിമിലും സാന്നിധ്യമുറപ്പിച്ച ബിജെപി, പ്രാദേശിക കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. 

മുഖ്യമന്ത്രിമാരെ മാറ്റിയുള്ള തന്ത്രം

നരേന്ദ്ര മോദിയുടെയും അമിത് ഷായുടേയും നേതൃത്വത്തിലുള്ള ബിജെപി, മറ്റു പാര്‍ട്ടികള്‍ കാണിക്കാത്ത ഊര്‍ജത്തോടെയാണ് തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. ഓരോ സംസ്ഥാനത്തിനും ഓരോ പ്ലാനുകള്‍ ബിജെപിയുടെ കൈവശമുണ്ടാകും. സര്‍ക്കാര്‍ വിരുദ്ധ വികാരം ശമിപ്പിക്കാന്‍, മുഖ്യമന്ത്രിമാരെ പോലും മാറ്റി പയറ്റാന്‍ മടിയില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിക്കുന്നത് ബിജെപി സ്ഥിരമാക്കിയിരിക്കുകയാണ്. 

തെരഞ്ഞെടുപ്പിന് വെറും പത്തുമാസം മുന്‍പാണ് ത്രിപുരയില്‍ ബിപ്ലബ് ദേബിനെ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയത്. തമ്മില്‍ പോര് കഠിനമായിരുന്നു ത്രിപുരയില്‍. പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്നിട്ട് പോലും, ബിപ്ലബ് ദേബിനെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രനേൃത്വത്തിന് മടിയുണ്ടായില്ല.  കോണ്‍ഗ്രസില്‍
നിന്നുവന്ന മണിക് സാഹയെ മുഖ്യമന്ത്രിയാക്കി ബിപ്ലബിനെ രാജ്യസഭയിലേക്ക് പറഞ്ഞുവിട്ടു.  ഉത്തരാഖണ്ഡിലും ഗുജറാത്തിലും കര്‍ണാടകയിലും ഇതുപോലെ മുഖ്യമന്ത്രിമാരെ മാറ്റി. ഗുജറാത്തിലും ഉത്തരാഖണ്ഡിലും ബിജെപി വിജയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന് എതിരെ കടുത്ത എതിര്‍പ്പുണ്ടായിരുന്ന ഹിമാചല്‍ പ്രദേശില്‍ പക്ഷേ, പാര്‍ട്ടിക്ക് അദ്ദേഹത്തെ മാറ്റാന്‍ സാധിച്ചില്ല. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് വിജയിച്ചു. 

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ നടന്ന ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തോട് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെയാണ് ബിജെപി മുഖ്യമന്ത്രിമാരെ മാറ്റി തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതിയിലേക്ക് മാറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com