മൂന്ന് മാസം കൊണ്ട് ഐപിഎഫ്ടിയെ വട്ടപ്പൂജ്യമാക്കി, ആരാണ് ദേബ് ബര്‍മന്‍?; തിപ്ര മോത്ത നിര്‍ണായക ശക്തിയായി മാറിയത് എങ്ങനെ?

രാജ കുടുംബാംഗമായ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ആണ് തിപ്ര മോത്ത എന്ന പേരില്‍ ഗോത്ര പാര്‍ട്ടിക്ക് രൂപം നല്‍കിയത്
പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍, ട്വിറ്റര്‍
പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍, ട്വിറ്റര്‍

അഗര്‍ത്തല: ത്രിപുരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ, ഒരു ഘട്ടത്തില്‍ ആര് ഭരണത്തില്‍ കയറണമെന്ന് തീരുമാനിക്കുന്ന തലത്തിലേക്ക് വരെ ഉയര്‍ന്ന് നിര്‍ണായക ശക്തിയായി മാറി ഗോത്ര പാര്‍ട്ടിയായ തിപ്ര മോത്ത. പത്തിലധികം സീറ്റുകളില്‍ ലീഡ് ഉയര്‍ത്തിയതോടെ, തിപ്ര മോത്ത പാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ആവേശമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് കേള്‍ക്കുന്നത്. 

രാജ കുടുംബാംഗമായ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ആണ് തിപ്ര മോത്ത എന്ന പേരില്‍ ഗോത്ര പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ഗോത്ര മേഖലയുടെ പ്രശ്‌നങ്ങള്‍ മുഖ്യധാര പാര്‍ട്ടികള്‍ അവഗണിക്കുന്നതിലുള്ള പ്രതിഷേധമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ദേബ് ബര്‍മനെ പ്രേരിപ്പിച്ചത്. 

തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായ സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ വലിയ മുന്നേറ്റമാണ് തിപ്രമോത്ത കാഴ്ചവെച്ചത്. ബിജെപിയുടെ വോട്ടുകളാണ് തിപ്രമോത്ത കീശയിലാക്കിയത്. 2018ല്‍ മറ്റൊരു ഗോത്ര പാര്‍ട്ടിയായ ഐപിഎഫ്ടിയെ കൂട്ടുപിടിച്ചാണ് ബിജെപി അധികാരം പിടിച്ചത്. അന്ന് ആദിവാസി മേഖലയ്ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ പത്തെണ്ണമാണ് ബിജെപി പിടിച്ചെടുത്തത്. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി എട്ടിടത്താണ് നേട്ടം ഉണ്ടാക്കിയത്. ആദിവാസി മേഖലയില്‍ സിപിഎമ്മിനെ രണ്ടു സീറ്റിലേക്ക് ചുരുക്കിയായിരുന്നു ബിജെപി സഖ്യത്തിന്റെ മുന്നേറ്റം. 25 വര്‍ഷം അധികാരത്തിലിരുന്ന സിപിഎമ്മിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇരുപാര്‍ട്ടികളും കാഴ്ചവെച്ചത്.

ഇത്തവണ പ്രമുഖ ഗോത്ര പാര്‍ട്ടിയായ ഐപിഎഫ്ടിയുടെ സ്ഥാനത്താണ് തിപ്രമോത്തയുടെ കടന്നുവരവ്. തിപ്രലാന്‍ഡ് എന്ന സ്വപ്‌നവുമായി ആദിവാസി മേഖലയില്‍ വോട്ട് ചോദിച്ച് വന്ന തിപ്ര മോത്തയെ പൂര്‍ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് ഫല സൂചനകള്‍ നല്‍കുന്നത്. 

2018ല്‍ സമാനമായ നിലയില്‍ സ്വന്തം സംസ്ഥാനം എന്ന പേരില്‍ വോട്ട് ചോദിച്ച് വന്നാണ് ഐപിഎഫ്ടി വോട്ട് നേടിയത്. എന്നാല്‍ ഈ വാഗ്ദാനം നിറവേറ്റുന്നതില്‍ ഐപിഎഫ്ടി പരാജയപ്പെട്ടതാണ് ആദിവാസി മേഖലയിലുള്ളവരെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിവാസി മേഖലയില്‍ ഇടിച്ചുകയറിയാണ് ദേബ് ബര്‍മാന്‍ സ്വാധീനം ഉണ്ടാക്കിയത്. പിന്നീട് ഗോത്ര വര്‍ഗക്കാരുടെ രക്ഷകന്‍ എന്ന നിലയിലേക്ക്് ദേബ് ബര്‍മന്‍ ഉയരുന്നതും കണ്ടു. ഗോത്ര വര്‍ഗക്കാര്‍ രാജാവ് എന്ന് വിളിക്കുന്ന തലത്തിലേക്ക് വരെ ദേബ് ബര്‍മന്റെ ജനപ്രീതി വര്‍ധിച്ചു.

ദേബ് ബര്‍മന്റെ പദ്ധതികള്‍ വിജയിച്ച് തുടങ്ങി എന്നതിന്റെ ആദ്യ സൂചനയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പ് ത്രിപുര ട്രൈബല്‍ ഏരിയ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ പ്രമുഖ പാര്‍ട്ടിയായ ഐപിഎഫ്ടിയെ സംപൂജ്യരാക്കിയാണ് തിപ്ര മോത്ത വരവറിയിച്ചത്. തെരഞ്ഞെടുപ്പില്‍ 18 സീറ്റിലാണ് തിപ്ര മോത്ത വിജയിച്ചത്. പത്തിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ ആയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com