വായു മലിനീകരണം: ലോകത്തെ ഏറ്റവും മലിനമായ 50 നഗരങ്ങളിൽ 39ഉം ഇന്ത്യയിൽ, രാജ്യങ്ങളുടെ പട്ടികയിൽ എട്ടാമത് 

പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനിലെ ഭിവാടി ആണ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത്
ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേ/ ചിത്രം: പിടിഐ
ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേ/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള ലോകത്തെ 50 നഗരങ്ങളിൽ 39ഉം ഇന്ത്യയിൽ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ രാജ്യങ്ങളിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 2021ൽ ഈ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു.‌‌‌

131 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ പട്ടികയിൽ ആകെ 73000 നഗരങ്ങളാണ് ഉൾപ്പെടുന്നത്. ഏറ്റവും അധികം മലിനീകരണം സംഭവിക്കുന്ന നഗരം പാകിസ്താനിലെ ലാഹോർ ആണ്. ചൈനയിലെ ഹോട്ടാൻ ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനിലെ ഭിവാടി ആണ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത്. തൊട്ടുപിന്നിൽ നാലാം സ്ഥാനത്തായി ഡൽഹിയുമുണ്ട്. ആദ്യ പത്തിൽ ആറെണ്ണവും ഇന്ത്യയിലാണ്. 

മലിനീകരണം കൂടുതലുള്ള ആദ്യ 20 നഗരങ്ങളുടെ പട്ടികയിൽ 14 എണ്ണവും ഇന്ത്യയിലാണ്. ആദ്യ 50ൽ 39 നഗരങ്ങളും 100ൽ 65 നഗരങ്ങളും ഇന്ത്യയിൽ നിന്ന് ഉൾപ്പെടുന്നു. ഇന്ത്യയിലെ ആറ് മെട്രോ നഗരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊൽക്കത്ത 99, മുംബൈ 137, ഹൈദരാബാദ് 199, ബെംഗളൂരു 440, ചെന്നൈ 682 എന്നിങ്ങനെയാണ് റാങ്ക്. 

വായുവിൽ തങ്ങിനിൽക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമായ പി എം 2.5ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് പട്ടികയിൽ റാങ്കിങ് തീരുമാനിച്ചിട്ടുള്ളത്. ചാഡ്, ഇറാഖ്, പാകിസ്താൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, കുവൈത്ത്, ഈജിപ്ത്, ബുർകീനോ ഫാസോ, തജികിസ്താൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പുറമെ ആദ്യ പത്തിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com