കോൺഗ്രസ് വേണ്ട; 2024ൽ പുതിയ മുന്നണി; മമത- അഖിലേഷ് കൂടിക്കാഴ്ചയിൽ ധാരണ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2023 10:07 PM |
Last Updated: 17th March 2023 10:07 PM | A+A A- |

മമതാ ബാനർജിയും അഖിലേഷ് യാദവും/ പിടിഐ
കൊൽക്കത്ത: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതിയ മുന്നണിയുണ്ടാക്കി മത്സരിക്കാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാര്‍ട്ടിയും. ബിജെപിക്കെതിരെ കോൺഗ്രസ് ഇതര മുന്നണി രൂപികരിക്കുകയാണ് ഇരു പാർട്ടികളും ലക്ഷ്യമിടുന്നത്.
പുതിയ നീക്കങ്ങളുടെ ഭാഗമായി തൃണമൂൽ നേതാവ് മമതാ ബാനർജിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിൽ ഒന്നിച്ച് നിന്ന് പോരാടാൻ ഇരു നേതക്കളും തമ്മിൽ ധാരണയിലെത്തി.
ഈ കൂടിക്കാഴ്ചയുടെ തുടർച്ചയെന്നോണം അടുത്ത ആഴ്ച മമത നവീൻ പട്നായിക്കുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ബിജു ജനതാദളിനെ കൂടി സഖ്യത്തിലെത്തിക്കാനാണ് മമതയുടെ നീക്കം.
പ്രതിപക്ഷ കക്ഷികളുടെ മുഖ്യ മുഖമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നതിന് തടയിടുകയാണ് മമത- അഖിലേഷ് സഖ്യം ലക്ഷ്യമിടുന്നത്. പ്രതിപക്ഷ മുഖമായി രാഹുലിനെ ബിജെപി ബോധപൂർവം ഉയർത്തിക്കാട്ടുന്നുവെന്ന സംശയവും മമതയടക്കമുള്ളവർക്കുണ്ട്. ഈ നീക്കത്തേയും ചെറുക്കാനാണ് കോൺഗ്രസിനേയും അകറ്റി നിർത്തിയുള്ള തന്ത്രം.
വിവാദമായ ലണ്ടന്‍ പ്രസംഗത്തില്‍ രാഹുൽ മാപ്പു പറയണമെന്ന നിലപാടിൽ ബിജെപി ഉറച്ചു നിൽക്കുകയാണ്. രാഹുലിനെ ഉപയോഗിച്ച് ബിജെപി തങ്ങളെയും ലക്ഷ്യമിടുന്നുവെന്ന തോന്നലും പ്രതിപക്ഷ കക്ഷികൾക്കുണ്ട്.
ബിജെപിയുമായും കോൺഗ്രസുമായും തുല്യം അകലം പാലിക്കുമെന്ന് അഖിലേഷ് യാദവ് കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ബംഗാളിൽ തങ്ങൾ മമതയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി; അഞ്ചു ദിവസംകൂടി ജയിലിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ