കട്ടിലിന് സമീപം ഒറ്റക്കാലില്‍ നിന്നുറങ്ങും; എവിടെപ്പോയാലും കൂടെവരും; കൊറ്റിയും മനുഷ്യനും തമ്മിലുള്ള അപൂര്‍വ്വ ബന്ധം, നൊമ്പരമായി ഈ വേര്‍പിരിയില്‍ 

വീട്ടിലെ ഒരംഗത്തെ കാട്ടില്‍ ഉപേക്ഷിച്ച ദുഖത്തിലാണ് യുപിയിലെ അമേഠി സ്വദേശി ആരിഫ് ഖാന്‍ ഗുര്‍ജര്‍
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

വീട്ടിലെ ഒരംഗത്തെ കാട്ടില്‍ ഉപേക്ഷിച്ച ദുഖത്തിലാണ് യുപിയിലെ അമേഠി സ്വദേശി ആരിഫ് ഖാന്‍ ഗുര്‍ജര്‍. പാടത്തു പണിക്ക് പോകുമ്പോഴും നടക്കാനിറങ്ങുമ്പോഴും എല്ലാം ആരിഫിനൊപ്പം ഈ കുടുംബാഗം ഉണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഈ അംഗത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കാട്ടിലേക്ക് അയച്ചു. ആരിഫ് ഖാന്റെ സന്തത സഹചാരിയായ സാരസ കൊക്കിനെയാണ് കഴിഞ്ഞദിവസം വനംവകുപ്പ് ഏറ്റെടുത്ത് കാട്ടിലേക്ക് അയച്ചത്. 

സാംസ്പുര്‍ പക്ഷി സങ്കേതത്തിലേക്കാണ് കൊറ്റിയെ മാറ്റിയത്. കൊറ്റിയെ കരഞ്ഞുകൊണ്ട് യാത്രയാക്കുന്ന ആരിഫിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. ഈയിനത്തില്‍ പെട്ട പക്ഷികള്‍ ഇണകള്‍ക്കൊപ്പമാണ് ജീവിക്കേണ്ടത് എന്ന് വ്യക്തമാക്കിയാണ് വനംവകുപ്പ് പക്ഷിയെ കാട്ടിലേക്ക് അയച്ചത്. 

കഴിഞ്ഞവര്‍ഷമാണ് മുറിഞ്ഞ കാലുമായി ഈ കൊറ്റിയെ ആരിഫ് തന്റെ പാടത്ത് കണ്ടെത്തിയത്. ആദ്യം മരിച്ചെന്നാണ് കരുതിയത്. ജീവനുണ്ടെന്ന് മനസ്സിലായപ്പോള്‍ വീട്ടിലേക്ക് കൊണ്ടുവന്നു. 

മുറിവ് ഉണങ്ങാനുള്ള മരുന്നുകള്‍ വെച്ചു. എന്നാല്‍ പരിക്ക് പൂര്‍ണമായിട്ടും ആരിഫിനെ വിട്ടുപോകാന്‍ കൊറ്റി കൂട്ടാക്കിയില്ല. ആരിഫ് പുറത്തിറങ്ങുമ്പോള്‍ കൊറ്റിയും കൂടെപ്പോകും. അതിനാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഒരു ചടങ്ങിലും താന്‍ പങ്കെടുക്കാറില്ലെന്ന് ആരിഫ് പറയുന്നു. 

തന്നെ കാണാതായാല്‍ കൊറ്റി ബഹളമുണ്ടാക്കും. കൊറ്റിയുടെ കണ്ണില്‍ പെടാതെയാണ് താന്‍ ജോലിക്ക് പോയിരുന്നതെന്നും ആരിഫ് പറയുന്നു. രാത്രിയില്‍ ഉറങ്ങുന്നതുപോലും തന്റെ കട്ടിലിന് സമാപമായിരുന്നെന്നും തന്റെ വളര്‍ത്തു നായയ്ക്കും കൊറ്റിയെ വളരെ ഇഷ്ടമായിരുന്നെന്നും ആരിഫ് ഓര്‍ക്കുന്നു. പലതവണ പക്ഷിയെ പറന്നുപോകാനായി പാടത്ത് കൊണ്ടാക്കിയെങ്കിലും തിരിച്ചു വരികയായിരുന്നു എന്ന് ആരിഫ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com