പൊലീസുകാര്‍ ബൂട്ടിട്ട് ചവിട്ടി, പിഞ്ചുകുഞ്ഞ് മരിച്ചു; വിവാദം, അന്വേഷണത്തിന് ഉത്തരവ് 

ഝാര്‍ഖണ്ഡില്‍ പിഞ്ചുകുഞ്ഞിനെ പൊലീസുകാര്‍ ബൂട്ടിട്ട് ചവിട്ടിക്കൊന്നതായി ആരോപണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി:ഝാര്‍ഖണ്ഡില്‍ പിഞ്ചുകുഞ്ഞിനെ ബൂട്ടിട്ട് ചവിട്ടിക്കൊന്നു എന്ന കേസില്‍ ആറു പൊലീസുകാര്‍ക്കെതിരെ കേസ്. ഇതില്‍ അഞ്ചുപേരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആക്രമണത്തില്‍ കുഞ്ഞിന്റെ പ്ലീഹ തകര്‍ന്നതായുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസുകാരുടെ ആക്രമണത്തില്‍ നാലുദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചതായാണ് വീട്ടുകാരുടെ പരാതി.

ഗിരിദി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മുത്തച്ഛനെ തേടിയാണ് പൊലീസ് വീട്ടിലെത്തിയത്. പൊലീസ് വരുന്നത് അറിഞ്ഞ് കുഞ്ഞിനെ വീട്ടില്‍ ഒറ്റയ്ക്കാക്കി പ്രതി ഭൂഷണ്‍ പാണ്ഡെയും മറ്റു കുടുംബാംഗങ്ങളും വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. പ്രതിയ്ക്കായി വീട്ടില്‍ എല്ലായിടത്തും പരിശോധന നടത്തിയ ശേഷം പൊലീസ് മടങ്ങി. വീട്ടില്‍ തിരിച്ചെത്തി നോക്കുമ്പോള്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്  അമ്മ നേഹാ ദേവി പറയുന്നു.

പൊലീസുകാരുടെ ചവിട്ട് കൊണ്ടാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവം പുറംലോകം അറിഞ്ഞതോടെ, കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com